അമ്പലപ്പുഴ: ടോറസ് ലോറിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റാന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ അറസ്റ്റിൽ. അമ്പലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാവേലിക്കര ചെട്ടികുളങ്ങര എസ്എസ് ഭവനില്‍ എസ് സതിഷി(37)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഏജന്റ് കാര്‍ത്തികപ്പള്ളി എരിക്കാവ് തുണ്ടു പറമ്പില്‍ സജി( 27) യേയും വിജിലന്‍സ് അറസ്റ്റു ചെയ്തു.
ദേശീയ പാതാ നിര്‍മ്മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കമ്പനിക്കു വേണ്ടി മണല്‍ എത്തിച്ച ടോറസ് ഡ്രൈവറില്‍ നിന്നാണ് ഇയാള്‍ ഏജന്റു വഴി 25,000 രൂപ കൈപ്പറ്റിയത്. ഓവര്‍ ലോഡ് കയറ്റുന്നതില്‍ നിന്നുള്ള നടപടി ഒഴിവാക്കാന്‍ ലോഡ് ഒന്നിന്ന് 2,000 മുതല്‍ 3000 രൂപ വരെയാണ് സതീഷ് ആവശ്യപ്പെട്ടത്.
തുക കുറവു ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒരു മാസത്തിലധികമായി സന്തോഷ് കൈക്കൂലി ആവശ്യപ്പെട്ട് ടിപ്പര്‍ ലോറിക്കാരെ ശല്യപ്പെടുത്തുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ മാസം അധിക ലോഡ് കയറ്റിയെന്ന് പറഞ്ഞ് രണ്ട് ടോറസ് വാഹനങ്ങളില്‍ നിന്ന് 20,000 - രൂപ വീതം പിഴ ഈടാക്കിയിരുന്നു. തുടര്‍ന്ന് പിഴ ഈടാക്കാതിരിക്കാന്‍ മാസം 30,000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനത്തില്‍ യൂണിഫോമില്‍ വിജിലന്‍സ് സതീഷിനെ അറസ്റ്റ് ചെയ്തത്.