മുംബൈ: തിങ്കളാഴ്ച മുംബൈയിലെ ജുഹു കടലിൽ കാണാതായ നാല് ആൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ധർമേഷ് വാൽജി ഫൗജിയ (16), ശുഭം യോഗേഷ് ഭോഗ്നി (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മനീഷ് യോഗേഷ് ഭോഗാനിയ (12), ജയ് റോഷൻ തജ്ബാരിയ (15) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ജുഹു കോളിവാഡയിൽ നിന്ന് നാല് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കടലിൽ കാണാതായത്. പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള അഞ്ച് സുഹൃത്തുക്കളുടെ സംഘമാണ് ബീച്ചിൽ എത്തിയത്.
അഞ്ച് കുട്ടികളിൽ ഒരു കുട്ടിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുംബൈ പോലീസും ബിഎംസിയുടെ അഗ്നിശമന സേനയും സ്പീഡ് ബോട്ടുകളും ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററും ചേർന്ന് തിങ്കളാഴ്ച അർദ്ധരാത്രി വരെ കടലിൽ തിരച്ചിൽ നടത്തി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജുഹുവിലേക്ക് പിക്നിക്കിന് പോയ എട്ട് സ്കൂൾ വിദ്യാർഥികളുടെ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവർ മുന്നറിയിപ്പുകൾ അവഗണിച്ച് മത്സ്യബന്ധന ജെട്ടിയിലേക്ക് പോയി. അവിടെ നിന്ന് ശക്തമായ തിരമാലകളിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു.