ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് അലങ്കരിക്കും, രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍

author-image
neenu thodupuzha
New Update

അയോധ്യ: രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് അലങ്കരിക്കും.  നിര്‍മാണ പുരോഗതി ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയര്‍മാര്‍, ക്ഷേത്ര ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങള്‍, കണ്‍സ്ട്രക്ഷൻ കമ്മിറ്റി ചെയര്‍മാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സംഘം അവലോകനം ചെയ്തു. നിലവിലുള്ള പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്ന്   ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisment

publive-image

ക്ഷേത്രത്തിന്റെ അടിത്തറ, തൂണുകള്‍ എന്നിവയുടെ നിര്‍മ്മാണവും ഉടനടി പൂര്‍ത്തിയാക്കും. അതിനുശേഷം ക്ഷേത്രത്തിന്റെ 3 നിലകളിലും രാജസ്ഥാനിലെ ബൻസി പഹാര്‍പൂരില്‍ നിന്ന് എത്തിച്ച കല്ലുകള്‍ പതിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷം ജനുവരിയോടെ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേത്രത്തില്‍ അഞ്ചു മണ്ഡപങ്ങളാണ്  നിര്‍മ്മിക്കുന്നത്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണുള്ളത്.

അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങള്‍ക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതല്‍ 111 അടി വരെ ഉയരവുമുണ്ടാകും. അതേസമയം മൊത്തം ക്ഷേത്രത്തിന്റെ നീളം 380 അടിയും വീതി 250 അടിയും ഉയരം 161 അടിയുമാണ്. ശ്രീകോവിലിന്റെ ആകെ വിസ്തീര്‍ണ്ണം 403.34 ചതുരശ്ര അടിയാണ്. തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകളും ക്ഷേത്രത്തിലുണ്ടാകും.

മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് തൂണുകള്‍, ബീമുകള്‍, സീലിംഗ്, മതില്‍ എന്നിവ നിര്‍മിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികള്‍ കണക്കിലെടുത്ത് 392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്. കൂടാതെ ദീര്‍ഘകാലം ഈട് നില്‍ക്കുന്ന മെറ്റീരിയലുകളാണ് ക്ഷേത്രനിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

ബൻസി-പഹാര്‍പൂരില്‍ നിന്നുള്ള കല്ലുകളും തൂണുകളിലും ചുമരിലും 14,132 ചതുരശ്രഅടിയില്‍ കൊത്തിയ മക്രാന മാര്‍ബിള്‍ കല്ലുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഉയര്‍ന്ന നിലവാരമുള്ള മക്രാന മാര്‍ബിളാണ് നിലത്ത് വിരിച്ചിട്ടുള്ളത്.

ഇതുകൂടാതെ ക്ഷേത്രത്തിന് അകത്തും പുറത്തും ലൈറ്റിംഗ് ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതിനായി ഗ്രൗണ്ട് അപ്‌ലൈറ്റര്‍, കോവ് ലൈറ്റിംഗ്, സ്പോട്ട് ലൈറ്റിംഗ്, ഫ്ലെക്സിബിള്‍ ലീനിയര്‍ ലൈറ്റിംഗ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം 8.64 ഏക്കറിലാണ് മുഖ്യക്ഷേത്രം സ്ഥിതിചെയ്യുക.

ഏകദേശം 17,000 കല്ലുകള്‍ തൂണിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടണ്‍ വീതം ഭാരമുണ്ട്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകളെത്തിച്ചത്. കണ്ടെയ്നര്‍ കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെയില്‍വേയും സഹകരണത്തോടെയാണ് ഗ്രാനൈറ്റുകള്‍ ക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തിച്ചത്. 2023 ഒക്ടോബറോടെ ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിനാണ് ലക്ഷ്യമിടുന്നത്.

Advertisment