പാനൂര്‍: കാപ്പ നിയമം ചുമത്തി നാടുകടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിനിടെ നാട്ടില്‍നിന്നു മുങ്ങി ബംഗളുരുവിലേക്ക് കടന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൊകേരി ചെണ്ടയാട്താഴെ പീടികയിലെ കമലദളത്തില്‍ ടിപി ശ്യാംജിത്താ(27)ണ് പിടിയിലായത്.
ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പാനൂര്‍ പാത്തിപ്പാലത്ത് വച്ചാണ് അറസ്റ്റു ചെയ്തത്. സിപിഎം പ്രവര്‍ത്തകന്‍ പള്ളൂരിലെ കന്നിപൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലും കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ വധക്കേസിലും പ്രതിയായ ഇയാള്‍ക്കെതിരെ എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കതിരൂര്‍, ന്യൂ മാഹി, പള്ളൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് നാട്ടില്‍നിന്നു മുങ്ങി ഒളിവില്‍ പോയത്.
2018 മെയ് ഏഴിന് രാത്രിയാണ് പള്ളൂര്‍ നടവയല്‍ റോഡില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. 2020 സെപ്റ്റംബറിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. ഈ രണ്ടു കൊലപാതകത്തിലും പങ്കുള്ളയാളാണ് അറസ്റ്റിലായ ശ്യാംജിത്തെന്ന് പോലീസ് അറിയിച്ചു.