നെടുമ്പാശ്ശേരി: ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവിടെ നിന്നും നേരിട്ട് യാത്ര തിരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുളളക്കുട്ടി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ ലക്ഷദ്വീപില്‍ എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ സംസ്ഥാനങ്ങളായ തൃപുരയില്‍ നിന്നും ഗോവയില്‍ നിന്നും ഇപ്പോള്‍ ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ചെറിയ സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ ലക്ഷദ്വീപില്‍ നിന്നും നേരിട്ട് സൗകര്യം ഒരുക്കാനാകും.
75 പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ലക്ഷദ്വീപില്‍ മിനി എംബാര്‍ക്കേഷന്‍ പോയന്റിന് അനുമതി ലഭിച്ചാല്‍ രണ്ടോ മൂന്നോ വിമാനങ്ങളിലായി തീര്‍ഥാടകരെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച് ഇവിടെ നിന്നും കയറ്റി അയക്കാന്‍ കഴിയുന്ന രീതിയും പരിഗണനയിലുണ്ട്. രാജ്യത്തെ ഹജ്ജ് തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുന്നത് ലക്ഷദ്വീപില്‍ നിന്നും യാത്ര ചെയ്യുന്നവരാണ്. കപ്പലില്‍ കൊച്ചിയില്‍ എത്തിയ ശേഷം. ദിവസങ്ങളോളം താമസിച്ചതിന് ശേഷമാണ് യാത്ര പുറപ്പെടാന്‍ കഴിയുന്നത്.
തിരികെ എത്തുമ്പോഴും കപ്പല്‍ ലഭിക്കാനുള്ള സൗകര്യത്തിന് അനുസരിച്ച് വീണ്ടും കൊച്ചിയില്‍ തങ്ങേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ കൂടുതല്‍ പേര്‍ ഹജ്ജ് യാത്രയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.