മലപ്പുറം: വെന്നിയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ചു വീണ് നാല് വിദ്യാർഥിനികൾക്ക് പരിക്ക്.
/sathyam/media/post_attachments/JI0BjNqeJjwpSjEy2kdL.jpg)
വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിമ്പ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്ന (14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്റഫിന്റെ മകൾ ഫാത്തിമ ജുമാന, കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെന്നിയൂർ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പൂക്കിപറമ്പ് വാളക്കുളം കെഎച്ച്എംഎച്ച്എസ് സ്കൂളിലെ നാല് വിദ്യാർഥിനികളാണിവർ. കഴിഞ്ഞ ദിവസം വൈകുന്നേരം 4. 25ന് കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻകെബി ബസിലായിരുന്നു അപകടം.
യാത്രയ്ക്കിടെ മുന്നിലെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിൽ പോകുന്നതിനിടെ ഡോർ തുറന്നു വീണതായിരിക്കുമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് നപടിയെടുത്തു. തിരൂരങ്ങാടി ജോയിന്റ് ആർടിഒ ഇൻ ചാർജ് സി കെ സുൽഫിക്കർ അപകട സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ബസ് ചെമ്മാടത്തി പരിശോധിക്കുകയും ബസ്സിന്റെ ഡോർ ഉൾപ്പെടെ അപാകത കണ്ടെത്തിയതിനെത്തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. അശ്രദ്ധപരമായ ഡ്രൈവിങ്ങിനും ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.