മൂന്നാറില്‍ രണ്ടു നിലയ്ക്കു മുകളില്‍ നിര്‍മാണം രണ്ടാഴ്ചത്തേയ്ക്ക് വിലക്കി ഹൈക്കോടതി

author-image
neenu thodupuzha
New Update

കൊച്ചി: മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. കേസില്‍ അമിക്കസ് ക്യുറിയായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി നിയോഗിച്ചു.

Advertisment

publive-image

മൂന്നാറുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാര്‍ വിഷയം മാത്രം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരം ഉപയോഗിച്ച് സ്‌പെഷല്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍മാണം വിലക്കി ഉത്തരവിട്ടിരിക്കുന്നത്.

മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും അതിന്റെ തെളിവുകള്‍ തങ്ങളുടെ മുന്നിലെത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതു വരെയാണ് നിര്‍മാണ അനുമതി വിലക്കിയിരിക്കുന്നത്. മൂന്നാറിലും പരിസരപ്രദേശത്തുമുള്ള 9 പഞ്ചായത്തുകളെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു.

മൂന്നാറില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിയുന്ന ഒരു ഏജന്‍സിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും അമിക്കസ് ക്യൂറിയോടും കോടതി നിര്‍ദ്ദേശിച്ചു. മറ്റു പലയിടത്തും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെന്നു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം എന്തുകൊണ്ടു മൂന്നാറിനു ബാധകമാകുന്നില്ലെന്നു കോടതി ആരാഞ്ഞു.

Advertisment