ആലപ്പുഴ: ഓണ്‍ലൈന്‍ വഴി നല്‍കിയ തകരാറിലായ മൈക്ക് തിരികെ എടുത്തെങ്കിലും ഉപഭോക്താവിന് പണം തിരികെ കിട്ടിയില്ലെന്ന പരാതിയില്‍ നഷ്ടപരിഹാരം സഹിതം ഈടാക്കിയ പണം നല്‍കാന്‍ വിധി.
ഗായകനും വില്ലേജ് ഓഫീസറുമായ ചേര്‍ത്തല ചെറുവാരണം വേളൂര്‍ വീട്ടില്‍ വി.ജി. അബു 2022 ഏപ്രില്‍ ഒമ്പതിന് ആമസോണ്‍ വഴി സൗണ്ട് കാര്‍ഡ് മിക്‌സറുള്ള കണ്‍ഡന്‍സര്‍ മൈക്രോഫോണ്‍ സെറ്റിന് ഓര്‍ഡര്‍ നല്‍കി.
ക്യാഷ് ഓണ്‍ ഡെലിവറിയായി 2999 രൂപയ്ക്കാണ് മൈക്ക് വാങ്ങിയത്. മൈക്ക് പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ വാങ്ങിയ ഉടന്‍ മടക്കി അയച്ചു. 2022ഏപ്രില്‍ 21ന് മൈക്ക് തിരികെ കിട്ടിയതായി ആമസേണ്‍ ആപ് വഴി സന്ദേശവും ലഭിച്ചു.
എന്നാല്‍, പണം അബുവിന് മടക്കി കിട്ടിയില്ല. പണം മടക്കി അയച്ചുവെന്ന് ആമസോണ്‍ അറിയിച്ചെങ്കിലും അബുവിന്റെ അക്കൗണ്ടില്‍ പണം വന്നില്ല. ഇതേത്തുടര്‍ന്നാണ് അബു ആമസോണ്‍ ഇന്ത്യക്കെതിരെ ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹര്‍ജി നല്‍കിയത്.
മൈക്രോഫോണിന്റെ വിലയായ 2999 രൂപ ഒമ്പത് ശതമാനം പലിശ സഹിതം മടക്കി നല്‍കാന്‍ ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് എസ്. സന്തോഷ് കുമാറും അംഗം പി.ആര്‍. ഷോളിയും വിധിച്ചു. അതോടൊപ്പം 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും കൂടി നല്‍കണം.