പോത്താനിക്കാട്: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കമ്പംകല്ല് ഭാഗത്ത് താമസിക്കുന്ന ഇടുക്കി കാഞ്ഞാര്‍ പാമ്പുതൂക്കി മാക്കല്‍ വീട്ടില്‍ നിസാര്‍ (42), കോതമംഗലം ഇളമ്പ്ര തങ്കളം ഭാഗത്ത് കാട്ടുകുടി വീട്ടിൽ ഫൈസല്‍ (അലി- 42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മൈലൂര്‍ വട്ടക്കുടിപീടിക ഭാഗത്തുള്ള വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് 24 ഗ്രാം സ്വര്‍ണാഭരണങ്ങളും പണവും ഇവര്‍ മോഷ്ടിക്കുകയായിരുന്നു. പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇരുവരും.
ഇന്‍സ്‌പെക്ടര്‍ എ. സമീഷ്, എസ്.ഐമാരായ കെ.പി. സിദ്ധിഖ്, ലിബു തോമസ്, എ.എസ്.ഐമാരായ പി.പി. പൗലോസ്, വി.സി. സജി, സി.പി.ഒമാരായ ആസാദ്, ദയേഷ്, നിയാമുദ്ദീന്‍, ദീപു പി. കൃഷ്ണന്‍, പി.ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.