പാലക്കാട്: വ്യാജ രേഖാ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നൽകും. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതർ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.
വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടിൽ വീണ്ടും പരിശോധന നടത്തിയേക്കും.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സി .സി. ടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയ കുഴപ്പമുണ്ടായിരുന്നു. പോലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു.
കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് കിട്ടിയ മറുപടി. പോലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പോലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കാറിൽ വിദ്യക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12ന ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും ദൃശ്യങ്ങളിലുണ്ട്.