മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, മർദ്ദിച്ച  ലോഡിങ് തൊഴിലാളികൾക്കെതിരെ  കേസ് 

author-image
neenu thodupuzha
New Update

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ടെലികമ്യൂണിക്കേഷൻ സിപിഒ ആർ.  ബിജുവിനെയാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയിൽ അതിക്രമം കാട്ടിയതിനാണ് ബിജുവിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Advertisment

publive-image

ഇന്ന് രാവിലെ 9ന് തിരുവനന്തപുരം ബേക്കറി ജം‌ഗ്ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് ബിജു മതിൽ ചാടി കടക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്നവർ ബഹളമുുണ്ടാക്കിയതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ അടുത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് വടികൾ ഉപയോഗിച്ച് ബിജുവിനെ മർദ്ദിച്ചു. നാട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് ലോഡിങ് തൊഴിലാളികൾക്കെതിരെയും കേസെടുത്തു. ബിജുവിനെ നാട്ടുകാർ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ബിജു ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു. ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐയെ ആക്രമിച്ചതിന് നേരത്തെ റിമാൻഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികൾ നേരിട്ടിരുന്നു. പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്.  ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് നിന്ന്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.

Advertisment