കട്ടപ്പനയിൽ സ്‌കൂള്‍ വിദ്യാർത്ഥി താമസിച്ച ലോഡ്ജ്  മുറിയില്‍നിന്നും 30,000 രൂപയുടെ പാന്‍മസാല പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ത്ഥി  താമസിച്ചിരുന്ന മുറിയില്‍നിന്നും 30,000 രൂപ വിലമതിക്കുന്ന നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്.

Advertisment

സംഭവത്തില്‍ പാന്‍മസാല വില്‍പനയ്ക്ക് സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീന്‍ മന്‍സൂരി, മധ്യപ്രദേശ് സ്വദേശി മോഹന്‍ എന്നിവരെ ആരോഗ്യവിഭാഗം പിടികൂടി. ഇവരെ താക്കീത്  നൽകി പറഞ്ഞയച്ചു.

publive-image

രഹസ്യവിവരത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി താമസിച്ചിരുന്ന കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ലോഡ്ജ് മുറിയില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കച്ചവടം നടത്തുന്നതിനായിട്ടാണ് കട്ടപ്പനയിലെ എയ്ഡഡ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്  വിദ്യാര്‍ഥിയുടെ മുറിയില്‍ രണ്ട് ചാക്കില്‍ നിറയെ പാന്‍മസാലകള്‍ സൂക്ഷിച്ചിരുന്നത്.

കേരളത്തില്‍ നിരോധിച്ച പത്തോളം തരം പാന്‍ മസാലകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് പുറമേ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും ബീഹാര്‍ സ്വദേശി പാന്‍ മസാലകള്‍ വിറ്റിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ പാന്‍ മസാലകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഏതാനും നാളുകള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പാന്‍ മസാലകള്‍ നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചിരുന്നു.

കട്ടപ്പനയിലെ ചില വ്യാപാരികള്‍ പാന്‍ മസാല വില്‍പ്പനയ്ക്ക് ഇടനില നില്‍ക്കുന്നതായും സൂചനയുണ്ട്.

Advertisment