നെടുങ്കണ്ടം: മദ്യലഹരിയിലെത്തിയ പിതാവ് മനോദൗര്‍ബല്യമുള്ള അമ്മയെ ആക്രമിക്കുന്നതുകണ്ട് തടസംപിടിച്ച 15 വയസുകാരന് പരുക്ക്. മുഖത്തും കഴുത്തിനും പരുക്കേറ്റ 15 വയസുകാരനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/post_attachments/LBxIuKLKoE8s0R7OciQG.jpg)
കഴിഞ്ഞ ദിവസം രാത്രിയിലാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 15 വയസുകാരന് രക്ഷിതാവിന്റെ മര്‍ദനമേറ്റത്. അമ്മയും മകനും റോഡില്‍ ഇറങ്ങിനിന്ന് നിലവിളിക്കുന്നതുകണ്ട് നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
മദ്യലഹരിയില്‍ എത്തുന്ന പിതാവ് നിരന്തരമായി മനോദൗര്‍ബല്യമുള്ള ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണ്. ബുധനാഴ്ചയും മദ്യലഹരിയില്‍ എത്തിയ ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചു. ഇതിനിടെ 15 വയസുകാരന്‍ തടസം പിടിച്ചപ്പോഴാണ് സ്വന്തം പിതാവ് മകനെയും ഉപദ്രവിച്ചത്.
മര്‍ദനം സഹിക്കാനാവാതെ വന്നതോടെ ഭാര്യ 15 വയസുകാരനെയും വിളിച്ച് സമീപത്തെ റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാരെത്തി പോലീസില്‍ വിവരം അറിയിച്ചു. നെടുങ്കണ്ടം പോലീസ് എത്തിയതോടെ പിതാവും ഓടി രക്ഷപ്പെട്ടു.
പോലീസ് ഇടപെട്ട് 15 വയസുകാരനെ ആശുപത്രിയിലെത്തിച്ച് അഡ്മിറ്റാക്കി. രക്ഷിതാവിനെതിരെ ജുവെനെല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു.