തൃശൂർ: നഗരത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലേക്ക് പടക്കമെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശി രജീഷാണ് പാട്ടുരായ്ക്കലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് പടക്കം എറിഞ്ഞത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
/sathyam/media/post_attachments/I4D8PAT9ZmjrPNAJRnTy.jpeg)
രജീഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും 1,700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തർക്കമാണ് സ്ഫോടകവസ്തു എറിയുന്നതിലേക്കെത്തിയത്. ഇത് സംബന്ധിച്ച് ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി രജീഷ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
മറ്റൊരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടിൽ അക്കൗണ്ടില്‍ കാശില്ലാതെ ചെക്ക് മടങ്ങിയതിനെത്തുടർന്നാണ് തുക അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതെന്ന് ഇയാളോട് പറഞ്ഞെങ്കിലും രോഷാകുലനായി ജീവനക്കാരോട് കയർക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ എ.ടി.എമ്മിനകത്ത് കയറി പുറത്തിറങ്ങിയ ശേഷം കയ്യിലിരുന്ന സ്ഫോടകവസ്തു അകത്തേക്ക് എറിയുകയും സെക്കൻഡുകൾക്കകം പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. തൃശൂർ ഈസ്റ്റ് പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട രജീഷിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
സി.സി. ടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എ.ടി.എം. കൗണ്ടറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എ.ടി.എം. കൗണ്ടറിലേക്ക് ചെെനീസ് നിര്‍മ്മിത ഉഗ്രശേഷിയുള്ള പടക്കം എറിഞ്ഞതെന്ന് കണ്ടെത്തിയത്.