ന്യൂഡൽഹി: എട്ട് കോടിയുടെ കവർച്ച വിജയിച്ചതിൻ്റെ സന്തോഷത്തിൽ സിഖ് ദേവാലയമായ ഹേമകുണ്ഡ് സാഹിബിലേക്ക് തീർത്ഥാടനം നടത്തി പ്രാർഥിക്കാൻ എത്തിയ ദമ്പതികൾ പോലീസ് പിടിയിൽ.
ലുധിയാനയിലെ ഒരു സ്ഥാപനം കൊള്ളയടിച്ച് കോടികളുമായി മുങ്ങിയ ജസ്‌വീന്ദർ സിംഗ് ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
/sathyam/media/post_attachments/Gvm5SjMeRtj3TAkZbJhy.png)
കൊള്ളയടിച്ച എട്ട് കോടി രൂപയിൽ നിന്ന് 6 കോടിയോളം രൂപ കണ്ടെടുത്തു. കേസിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജൂൺ പത്തിനാണ് സ്ഥാപനത്തിൽ കോടികളുടെ കവർച്ച ദമ്പതികൾ നടത്തിയത്. ആയുധങ്ങളുമായി എത്തിയ ദമ്പതികൾ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന എട്ട് കോടി രൂപയുമായി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പോലീസ് മണിക്കൂറുകൾക്കകം മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.
നേപ്പാളിലേക്ക് രക്ഷപ്പെടാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചതോടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ദൗത്യം വിജയിച്ച സന്തോഷത്തിൽ കവർച്ചയ്ക്ക് ശേഷം ദമ്പതികൾ സിഖ് ദേവാലയമായ ഹേമകുണ്ഡ് സാഹിബിലേക്ക് തീർത്ഥാടനം നടത്തി. ഇവിടെയെത്തിയ പോലീസ് അതി വിദഗ്‌ധമായി ദമ്പതികളെ പിടികൂടുകയായിരുന്നു.