കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വധഭീഷണിയുമായി മൃഗസ്‌നേഹിയുടെ ശബ്ദസന്ദേശം. മൃഗ സ്‌നേഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ദിവ്യക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭീഷണി സന്ദേശം. തെരുവുനായകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് അക്രമകാരികളായ തെരുവുനായകളെ കൊല്ലണമെന്ന നിലപാട് പി.പി. ദിവ്യ വ്യക്തമാക്കിയിരുന്നു.
/sathyam/media/post_attachments/R1k8r8bM2xE0RSX4yHcs.jpg)
ഇതിനെത്തുടർന്നാണ് ശബ്ദ സന്ദേശം. 'ഇവളെ കൊല്ലാനുള്ള ദേഷ്യം വരുന്നു, എന്റെ പിള്ളേരെ വിചാരിച്ച് മാത്രമാണ് ഇവളെ കൊല്ലാത്തത്. അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കയറി കുത്തി കൊന്നേനെ, ശവത്തിനെ, അത്രയ്ക്ക് ദേഷ്യം വരുന്നു' ഇത്തരത്തിലുള്ള രൂക്ഷമായ ഭാഷയിലുള്ള സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസുള്ള നിഹാലിനെ ക്രൂരമായി തെരുവുനായകള്‍ കടിച്ചു കൊന്ന സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള നായകളെ ദയാ വധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മൃഗസ്‌നേഹികളുടെ ഗ്രൂപ്പില്‍ പി.പി. ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ദിവ്യയെ വിളിച്ചു പൊങ്കാലയിടുകയെന്നും ആഹ്വാനം ചെയ്ത സന്ദേശമുണ്ടായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പി.പി ദിവ്യ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വച്ചിരുന്നു.
തെരുവ് നായകളെ മാനുഷികമായ മാര്‍ഗങ്ങളിലൂടെ ദയാ വധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ ചെയ്ത അപേക്ഷ ഇന്ന് പരിഗണിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളുടെ സി.സി. ടിവി ദൃശ്യങ്ങളും പങ്കുവച്ചിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ നിന്നും ഇതുവരെ 39 തെരുവുനായകളെയാണ് പിടികൂടിയത്.