ആലപ്പുഴ: ആലപ്പുഴ നൂറനാട് പടനിലത്ത് അമ്പതോളം പേർക്ക് അശ്ലീല ഊമക്കത്ത് ലഭിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. നൂറനാട് നെടുകുളഞ്ഞിമുറി സ്വദേശികളായ ശ്യാം (36), ജലജ (44), ചെറിയനാട് സ്വദേശി രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കത്തുകളുടെ പകർപ്പും കവറുകളും കണ്ടെത്തി.
/sathyam/media/post_attachments/bOSBfHZ2RL2nTSjxJKnY.jpg)
വൈരാഗ്യത്തെത്തുടർന്ന് ശ്യാമിൻ്റെ അയൽവാസിയെ കേസിൽ കുടുക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ആറുമാസം മുമ്പ് ശ്യാം അയൽവാസിക്കെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു. അയൽവാസിക്ക് അശ്ലീല കത്തുകൾ അയയ്ക്കുന്ന സ്വഭാവം തൻ്റെ പേര് വച്ച് കത്തുകൾ അയയ്ക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പരാതി.
ഇതിനു പിന്നാലെ ശ്യാമിൻ്റെ പേരുള്ള കത്ത് നൂറനാട് പഞ്ചായത്ത് പ്രസിഡൻ്റിന് ലഭിച്ചു. തുടർന്ന് ശ്യാം രേഖാമൂലം പരാതിപ്പെട്ടു. അയൽവാസിയെ ചോദ്യം ചെയ്തെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.
ഇതിനിടെ, സമാനമായ കത്തുകൾ മറ്റുള്ളവർക്കും കിട്ടിത്തുടങ്ങി. ചില കത്തുകളുടെ ഉള്ളടക്കം അശ്ലീലവും വധഭീഷണിയുമായിരുന്നു. ഇത്തരത്തിൽ കത്ത് ലഭിച്ച നൂറനാട് സ്വദേശിയായ ശ്രീകുമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചെറിയനാട് സ്വദേശിയായ രാജേന്ദ്രനാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെ കത്തിനു പിന്നിൽ ജലജയാണെന്ന് വെളിപ്പെടുത്തി. ജലജയെ ചോദ്യം ചെയ്തതോടെയാണ് മുഖ്യപ്രതിയായ ശ്യാമിന്റെ പങ്ക് മനസിലായത്.