തൊടുപുഴയിൽ വര്‍ക്ക്‌ഷോപ്പില്‍ മോഷണം; പോലീസിന് നോ മൈൻഡ്, മോഷ്ടാവിനെ കാവലിരുന്ന് കൈയ്യോടെ പിടികൂടി സ്ഥാപന ഉടമ

author-image
neenu thodupuzha
New Update

തൊടുപുഴ: വര്‍ക്ക് ഷോപ്പില്‍നിന്നും സാധനങ്ങള്‍ മോഷ്ടിച്ചുകടത്തിയ മോഷ്ടാവിനെ രാത്രി കാവലിരുന്ന്  പിടികൂടി സ്ഥാപന ഉടമ. ഒരാഴ്ചയിലേറെ നോക്കിയിരുന്നാണ് മോഷ്ടാവിനെ വര്‍ക്ക്‌ഷോപ്പ് ഉടമ സാഹസികമായി പിടികൂടിയത്.

Advertisment

തൊടുപുഴ ആശിര്‍വാദ് തിയറ്ററിനു സമീപം പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ ഓട്ടോ ഗാരേജില്‍ കവര്‍ച്ച നടത്തിയ അടിമാലി ഇരുനൂറേക്കര്‍ പാറപ്പിള്ളി അജയദാസിനെ (27)യാണ് സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു  പിടികൂടിയത്.

publive-image

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടയംകവലയിലെ ആക്രിക്കടയില്‍നിന്നും മോഷണസാധനങ്ങള്‍ കണ്ടെടുത്തു. ആക്രിക്കടയുടമ അബ്ദുള്‍ റസാക്കിന്റെ (50) പേരില്‍ കേസെടുത്ത് ഇയാളെയും അറസ്റ്റു ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. അജയദാസിനെ റിമാന്‍ഡ് ചെയ്തു.

publive-image

പോലീസിനു പരാതി നല്‍കിയെങ്കിലും  നടപടി ഉണ്ടാകാതിരുന്നപ്പോഴാണ് പ്രതിയെ കുടുക്കാന്‍ ഉടമ  തീരുമാനിച്ചത്. മല്‍പ്പിടുത്തത്തിലൂടെ ഇയാളെ പിടികൂടുന്നതിനിടയില്‍ ഇരുവര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ഒന്‍പതിനാണ് ഗാരേജില്‍നിന്നും വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് ഉള്‍പ്പെടെ 75,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയത്. 700 കിലോയോളം സാധനങ്ങളാണ് ഇത്തരത്തില്‍ കടത്തിയത്. സംഭവത്തില്‍ ബിനു തൊടുപുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും  പോലീസിന്റെ ഭാഗത്തു നിന്നും മോഷ്ടാവിനെ കണ്ടെത്താനോ പിടികൂടാനോ കാര്യമായ ഇടപെടലുണ്ടായില്ലെന്ന് ബിനു പറയുന്നു. തുടര്‍ന്നാണ് മോഷ്ടാവിനെ കുടുക്കാന്‍ ബിനു നേരിട്ടുതന്നെ ശ്രമം നടത്തിയത്.

മോഷണം നടന്ന ദിവസം മുതല്‍ രാത്രി കടയോടുചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ബിനു കാവലിരുന്നു. വീണ്ടും വര്‍ക്ക്‌ഷോപ്പില്‍നിന്നും സാധനങ്ങള്‍ കടത്താന്‍ മോഷ്ടാവ് എത്തിയേക്കുമെന്നായിരുന്നു ബിനുവിന്റെ കണക്കുകൂട്ടല്‍. ഇതിനായി മോഷ്ടാവ് കൊണ്ടുപോയതിന് സമാനമായ കുറെ സാധനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ വയ്ക്കു കയും ചെയ്തു. ബിനുവിന്റെ കണക്കുകൂട്ടല്‍ പോലെ കഴിഞ്ഞ 18ന് പുലര്‍ച്ചെ അജയദാസ് കാറുമായെത്തി.

തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പിനുള്ളില്‍ കടന്ന് ഏതാനും സമയം നിരീക്ഷിച്ചശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. പിന്നീട് സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി. ഇതോടെ സമീപത്ത് കാത്തിരുന്ന ബിനു അജയദാസിനെ പിടികൂടാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായി ബിനുവിനെ കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയെത്തി പിടികൂടിയ പ്രതി കുതറിയോടാന്‍ ശ്രമിച്ചു. ഇതോടെ രണ്ടുപേരും മല്‍പ്പിടുത്തമായി. ബിനുവിന്റെ മൊെബെല്‍ ഫോണും നഷ്ടപ്പെട്ടു.

ഇതിനിടെ നിലത്തുവീണ് അജയദാസിന്റെ തലയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രികനോട് ബിനു കാര്യം പറഞ്ഞു. ഇയാള്‍ ഉടന്‍തന്നെ തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇതോടെ പോലീസ് സ്ഥലത്തെത്തി.

തുടര്‍ന്ന് ബിനുവിന്റെ കാറില്‍ത്തന്നെ പ്രതിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോള്‍ പരുക്ക് സാരമുള്ളതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് അജയദാസിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നെന്നും സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

Advertisment