രാജകുമാരി: വെള്ളത്തൂവല്‍-കൊന്നത്തടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിച്ച് മുതിരപ്പുഴയാറിന് കുറുകെ പന്നിയാര്‍കുട്ടിയില്‍ വള്ളക്കടവില്‍ നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു.
/sathyam/media/post_attachments/PAwlJQFjKOWCgtsubv8N.jpg)
പാലത്തിന്റെ മധ്യഭാഗത്തായി ആറടിയിലധികം കോണ്‍ക്രീറ്റ് പാളിയാണ് കഴിഞ്ഞ ദിവസം അടര്‍ന്നു വീണത്. കരാറുകാര്‍ ഇടപെട്ട് ഇന്നലെ ഈ ഭാഗത്ത് കമ്പി കെട്ടി വീണ്ടും കോണ്‍ക്രീറ്റ് നടത്താനുള്ള പണികളിലാണ്. അതിനിടെ പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട നാട്ടുകാരനെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നു.
പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രശ്‌നം ഉടന്‍ തന്നെ ഉദ്യോഗസ്ഥരും കരാറുകാരും ഇടപെട്ട് പരിഹരിച്ചെന്നും എ.രാജ എം.എല്‍.എ പറഞ്ഞു. കുടിയേറ്റ കാലം മുതല്‍ ഇവിടെയുണ്ടായിരുന്ന നടപ്പാലത്തിന് പകരമാണ് എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 62 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നത്. നാട്ടുകാര്‍ മുളയും കമുകും കൊണ്ട് നിര്‍മിച്ച പഴയ നടപ്പാലം 2018 ലെ പ്രളയത്തിലാണ് ആദ്യം തകര്‍ന്നത്. വീണ്ടും നാട്ടുകാര്‍ ഒരു നടപ്പാലം കൂടി നിര്‍മിച്ചെങ്കിലും 2019ലെ മഴക്കെടുതിയില്‍ അതും തകര്‍ന്നു.