കലഞ്ഞൂര്‍: പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് പമ്പ് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍.
/sathyam/media/post_attachments/opeNa7wAIxviOc0cH41s.jpg)
മലനട മുല്ലശ്ശേരില്‍ തെക്കേതില്‍ അനിരുദ്ധനാ(19)ണ് പിടിയിലായത്. ഇഞ്ചപ്പാറ കൈരളി ഫ്യൂവല്‍സില്‍ ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതില്‍ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവുമുണ്ടായത്.
പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികള്‍ പെട്രോള്‍ ആവശ്യപ്പെടുകയും വൈകിയപ്പോള്‍ അസഭ്യം വിളിച്ച് കഴുത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന്, സ്ഥലംവിട്ട പ്രതികള്‍ മൂന്നാം പ്രതിയേയും കൂട്ടി 6.45ന് തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു.
വിവരം പറയാന്‍ വിസമ്മതിച്ച ഓഫീസ് ജീവനക്കാരന്‍ സോമനെ ഇടിവളയുമായി ഓഫീസില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. തടസം പിടിച്ച മറ്റൊരു ജീവനക്കാരന്‍ അനിലിനെയും മര്‍ദിച്ചു. ശാലിനിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ഊര്‍ജിതമാക്കി.
തിരുവനന്തപുരം പാളയത്തുള്ള ഹോട്ടലില്‍ വെയ്റ്ററായി അനിരുദ്ധന്‍ ജോലിയെടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ കെ.പി. ബിജു എ.എസ്.ഐ വാസുദേവക്കുറുപ്പ്, സി.പി.ഓമാരായ ഫിറോസ്, അരുണ്‍, ഗോപന്‍, അനൂപ്, അനൂപ്, പ്രവീണ്‍ എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.