കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

author-image
neenu thodupuzha
New Update

ആലപ്പുഴ: ഹോം സ്‌റ്റേയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസാണ് പിടിയിലായത്. മാരാരിക്കുളം സ്വദേശിയായ യു. മണി വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹോംസ്‌റ്റേയുടെ അനുമതിക്കായി ഈ വര്‍ഷം ജനുവരിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Advertisment

publive-image

ഇതുവരെയും അപേക്ഷയില്‍  നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്നറിഞ്ഞ പരാതിക്കാരന്‍ കഴിഞ്ഞ ദിവസം കെ.ജെ. ഹാരിസിനെ ഓഫീസില്‍ ചെന്ന് കണ്ട് വിവരം അന്വേഷിച്ചു. സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5000 രൂപ കൈക്കൂലി പരാതിക്കാരനോട് ആവശ്യപ്പെട്ടു.

എന്നാല്‍, കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളെന്ന് പറഞ്ഞപ്പോള്‍ 5000 രൂപയുമായി ഇന്നലെ വരാന്‍ ഹാരിസ് അറിയിച്ചതായായിരുന്നു പരാതി. പരാതിക്കാരന്‍ ഈ വിവരം ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി ഗിരീഷ്  പി. സാരഥിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  ഇന്നലെ രാവിലെ 10.45ന് പുന്നമട ഫിനിഷിങ് പോയിന്റിന് സമീപമുള്ള ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തി പരാതിക്കാരന്‍ ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി നല്‍കവേ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഹോംസ്‌റ്റേ തുടങ്ങണമെന്ന പേരില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വേഷം മാറി ഹാരിസിനെ സമീപിച്ച വിജിലന്‍സ് ഇന്റലിജന്റ്‌സ് വിഭാഗം ഉദ്യോഗസ്ഥരോടും അനുവദിക്കണമെങ്കില്‍ 2000 രൂപ കൈക്കൂലി വേണമെന്നു ഹാരിസ് അറിയിച്ചു. വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പി ഗിരീഷ്.പി.സാരഥിയെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ് കുമാര്‍, രാജേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വസന്ത്, സ്റ്റാന്‍ലി തോമസ് തുടങ്ങിയവരുമുണ്ടായിരുന്നു.

Advertisment