കോഴഞ്ചേരി: അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വീടിന്റെ മുന്‍വശം മതിലിന് അരികില്‍ മാറ്റിവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി. ഇയാളെ സംബന്ധിച്ച റിപ്പോര്‍ട്ട് കോയിപ്രം പോലീസ് കോടതിക്ക് സമര്‍പ്പിക്കുകയും തെളിവുകള്‍ ശേഖരിച്ച ശേഷം വീട്ടുകാര്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. അയിരൂര്‍ കാഞ്ഞേറ്റുകര വേലംപടി കുമ്പിളും മൂട്ടില്‍ സുരേഷിന്റെ മകന്‍ സൂരജാ(19)ണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി.
ചെറുകോല്‍പ്പുഴ റാന്നി റോഡില്‍ പുതിയകാവ് അമ്പലത്തിന് സമീപം കഴിഞ്ഞ 14ന് രാവിലെ എട്ടേമുക്കാലോടെ ബൈക്കുകള്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ട ഒരു മോട്ടോര്‍ സൈക്കിള്‍ അമ്പലത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമുള്ള വ്യക്തിയുടെ മുന്‍വശം മതിലിനോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു.
ഈ ബൈക്കാണ് 17ന് രാത്രി 11.30ന് ശേഷം മോഷ്ടിക്കപ്പെട്ടത്. ഇത് അപകടക്കേസിലെ പ്രതിയുടെ വാഹനമാണ്. അയിരൂര്‍ കൈതക്കോടി കീമാത്തില്‍മുക്കിനു സമീപം കുരുടാമണ്ണില്‍ വര്‍ക്കലെത്ത് വീട്ടില്‍ നിന്നും കോഴഞ്ചേരി മാര്‍തോമ്മ സീനിയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പാലംതലയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജോണ്‍ ഫിലിപ്പോസിന്റെ മകന്‍ സാം ഫിലിപ്പിന്റെതാണ് ബൈക്ക്.
പിറ്റേന്ന് ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കോയിപ്രം പോലീസ് എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശം അയക്കുകയും ഇരുചക്ര മോഷ്ടാക്കളുടെ വിശദാംശം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെയും മോട്ടോര്‍ സൈക്കിള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് സമീപമുള്ള വീടിന്റെ സമീപത്തെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, ജില്ലയിലെയും സമീപജില്ലകളിലെയും വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സ്ഥാപനങ്ങളിലെത്തി അന്വേഷണം നടത്തുകയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
ഇതിനിടെയാണ്, മോഷ്ടിക്കപ്പെട്ട ബൈക്ക് ചെങ്ങന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയശേഷം സാക്ഷികളെ എത്തിച്ച് വാഹനം തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രീയ പരിശോധനയും വിരലടയാള പരിശോധനയും നടത്തി. തുടര്‍ന്ന് ബൈക്ക് കോയിപ്രം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്രതിക്കായുള്ള അന്വേഷണത്തിനിടെ, ഇന്നലെ പുലര്‍ച്ചെ 12.15ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കണ്ടെത്തി. അന്വേഷണം നടത്തിയപ്പോള്‍ സൂരജും ചേര്‍ന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ പറഞ്ഞു. ഇയാളുടെ മൊഴിപ്രകാരമാണ് രണ്ടാം പ്രതിയായ സൂരജിനെ 12.45ന് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്, ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരുടെയും വൈദ്യപരിശോധന നടത്തി. ബൈക്ക് വച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരും എത്തിയ സ്‌കൂട്ടര്‍ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് സൂക്ഷിച്ചുവച്ചയിടത്തു നിന്നും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്തു.
ചെറുകോല്‍പ്പുഴ ചണ്ണമാങ്കല്‍ ലക്ഷം വീട് കോളനിയില്‍ വ്യക്തിയുടെ വീടിന് സമീപമുള്ള ഷെഡിലായിരുന്നു സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്നത്. പ്രതി സൂരജിന്റെ വിരലടയാളം രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിരലടയാളം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാക്കേണ്ടതുണ്ട്.