ചെങ്ങന്നൂർ: മാന്നാർ കുരട്ടിക്കാട് കുറ്റിയിൽ മുക്കിനു സമീപം പ്രവർത്തിച്ചു ഫ്രണ്ട്‌സ് ചിക്കൻ സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയുടെ മകൻ വസീം അഫ്സലിനെ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി മാവേലിക്കര കൃഷ്ണ നിവാസിൽ രാധാകൃഷ്ണ(58))നെയും രണ്ടാം പ്രതി തെക്കേക്കര പള്ളികിഴക്ക് സുഭാഷ് ഭവനിൽ സുഭാഷ് കുമാറി(40)നെയും ചെങ്ങന്നൂർ അസിസ്റ്റന്റ് സെക്ഷൻസ് കോടതി ജഡ്ജി വി.എസ്. വീണാ 15 വർഷം തടവും 35000 രൂപ പിഴയൊടുക്കുന്നതിനും വിധിച്ചു.
2018ലാണ് സംഭവം. എറണാകുളത്ത് എം.ബി.എ. വിദ്യാർത്ഥിയായിരുന്നു കുരട്ടിശ്ശേരി ഫാത്തിമ മൻസിലിൽ മുഹമ്മദ് ഖനിയുടെ മകൻ വസീം അഫ്സലി(23)നെയാണ് പിതാവ് നടത്തുന്ന ചിക്കൻ സെന്ററിന്റെ മുന്നിലെ തെങ്ങിനോട് ചേർത്ത് വച്ച് പ്രതികൾ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചത്.
പിക്കപ്പ് വാനിന്റെ ഇടികൊണ്ട് വസീം അഫ്സലിന്റെ വലതുകാൽ അസ്ഥിയടക്കം പൂർണമായി ഒടിഞ്ഞ് ചതഞ്ഞു വേർപെട്ടു പോയി. തുടർന്ന് നിരവധി ആശുപത്രികളിൽ വിദഗ്ധ ചികിത്സകൾക്ക് ഒടുവിൽ വലതുകാൽ പൂർണമായും മുറിച്ചുമാറ്റി വെപ്പുകാൽ വലതുകാലിൽ പിടിപ്പിച്ചു.
മുഹമ്മദ് ഖനിയും മകനും തമിഴ്നാട് സ്വദേശികളാണ്.
20 വർഷത്തിലധികമായി മാന്നാറിൽ കോഴിയിറച്ചി കട നടത്തിയിരുന്ന മുഹമ്മദ് ഖനിയും രാധാകൃഷ്ണനുമായി പണം ഇടപാടുകളുണ്ടായിരുന്നു. ചിക്കൻ സെന്ററിൽ ഇറച്ചിക്കോഴികളെ കൊടുക്കുന്ന വകയിൽ രാധാകൃഷ്ണന് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ടാണ് സംഭവദിവസം പ്രതികൾ രാധാകൃഷ്ണനും സുഭാഷും ചിക്കൻ സെന്ററിൽ എത്തിയത്.
ബൊലേറോ പിക്കപ്പ് വാനിൽ ചിക്കൻ കടയിൽ എത്തിയ പ്രതികൾ ഇറച്ചിക്കോഴിയുടെ പണം ആവശ്യപ്പെട്ട് കടയിൽ ബഹളമുണ്ടാക്കി. ആ സമയം ചിക്കൻ കട ഉടമ വസീം അഫ്സലിന്റെ പിതാവായ മുഹമ്മദ് ഖനി തമിഴ്നാട്ടിലായിരുന്നു.
കടയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന മുരുകേശൻ ആ സമയം കടയിൽ എത്തിയിരുന്നില്ല. മുരുകേശൻ വന്നാൽ ഉടനെ രാധാകൃഷ്ണന്റെ പണം മുഴുവൻ നൽകാമെന്നും അതുവരെ കാത്തിരിക്കണമെന്നും വസീം അഫ്സൽ പ്രതികളോട് പറഞ്ഞതിൽ പ്രകോപിതനായ രാധാകൃഷ്ണൻ ഡ്രൈവർ സുഭാഷിനോട് നിർദ്ദേശം കൊടുത്തതിനെത്തുടർന്ന് സുഭാഷ് അതിവേഗത്തിൽ പിക്കപ്പ് വാൻ ഓടിച്ചു കൊണ്ടുവന്ന് ചിക്കൻ സെന്ററിന്റെ മുൻവശത്തെ തെങ്ങിൻ ചുവട്ടിൽ നിന്ന് തമിഴ്നാട്ടിലുള്ള പിതാവുമായി ഫോണിൽ സംസാരിച്ചു നിന്ന വസീം അഫ്സലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു. മുപ്പതോളം രേഖകൾ ഹാജരാക്കി. ചിക്കൻ സെന്ററിലെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞിരുന്ന കൊലപാതകം ശ്രമത്തിന്റെ ദൃശ്യങ്ങളും പരിശോധനാ ഫലവും കേസിൽ നിർണായക തെളിവുകളായി.
ശിക്ഷ കാലാവധി പ്രതികൾ ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും.
മാന്നാർ പോലീസ് സ്റ്റേഷൻ അഡീഷണൽ സബ് ഇൻസ്പെക്ടറായിരുന്ന റെജൂബ് ഖാൻ, സബ് ഇൻസ്‌പെക്ടറായിരുന്ന കെ. എൽ. മഹേഷ് എന്നിവർ അന്വേഷണം നടത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം ഹാജരാക്കിയത് .
മാന്നാർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവാണ്. പോലീസ് സ്റ്റേഷൻ സി.പി.ഒ. ശ്രീനാഥ് പ്രോസിക്യൂഷൻ എയ്ഡായി പ്രോസിക്യൂഷനെ സഹായിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസെക്യൂട്ടർ റെഞ്ചി ചെറിയാൻ, അഡ്വ. ആർ. സ്മിത എന്നിവർ ഹാജരായി.