ആഗ്ര: ഉത്തർപ്രദേശിൽ വിവാഹ വീട്ടിൽ കൂട്ടക്കൊലപാതകം. മെയിൻപുരി ജില്ലയിലെ ഗ്രാമത്തിൽ നോയിഡയിലെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുന്ന 28കാരനായ ശിവ് വീർ യാദവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലേക്കെത്തി നവദമ്പതികളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
/sathyam/media/post_attachments/Qu4Pn8P6Qms1aewv8uNX.png)
ശിവ് വീർ യാദവിന്റെ സഹോദരൻ സോനു, ഭാര്യ സോണി (20), രണ്ടാമത്തെ സഹോദരൻ ഭുള്ളൻ (25), ഭാര്യാസഹോദരൻ സൗരഭ് (23), സുഹൃത്ത് ദീപക് കുമാർ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഇറ്റാവ ജില്ലയിൽ നിന്ന് സോനുവിന്റെ വിവാഹച്ചടങ്ങിന് ശേഷം മടങ്ങിയെത്തി അതിഥികളെല്ലാം ഉറങ്ങാൻ പോയി.
പുലർച്ചെ രണ്ടിന് പ്രതി തന്റെ കുടുംബാംഗങ്ങളെ കോടാലി കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. അക്രമിയുടെ ഭാര്യയുൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പ് പ്രതി വീട്ടിൽ വന്നിരുന്നുവെന്നും സഹോദരന്റെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ സന്തോഷവാനായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നു പോലീസ് അറിയിച്ചു.