പുതിയ വാഹനങ്ങള്‍, വിവിധ ബിസിനസുകൾക്കായി ലക്ഷങ്ങള്‍ നിക്ഷേപം; പകല്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച, വീടുകളിലെത്തുന്നത് കമ്പനികളുടെ എക്‌സിക്യൂട്ടിവ് ചമഞ്ഞ്; അന്തര്‍ ജില്ലാ മോഷ്ടാവ് മാടൻ ജിത്തു പിടിയിൽ

author-image
neenu thodupuzha
Updated On
New Update

മലപ്പുറം:  കമ്പനികളുടെ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന വീടുകളിൽ എത്തി പട്ടാപകല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിൽ    കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവാണ് പിടിയിലായത്.

Advertisment

കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു(മാടൻ ജിത്തു 28)വാണ് പിടിയിലായത്. യൂണിവേഴ്‌സിറ്റി സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ പരിസര പ്രദേശങ്ങളിലെ മുപ്പതോളം വീടുകളിൽ മോഷണം നടന്നിരുന്നു.

publive-image

 

പകല്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടില്‍ ആളില്ലാത്ത സമയം  കമ്പനികളുടെ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന എത്തി  വീടുകളുടെ ബെല്ലടിക്കുകയും ആളില്ലെന്ന് ഉറപ്പാക്കി വീട്ടുകാര്‍ വീടിന്റെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി കവര്‍ച്ച നടത്തുന്നതും ചാവി കിട്ടാത്ത സ്ഥലങ്ങളില്‍ പൂട്ടുകള്‍ അവിടെ നിന്നും കിട്ടുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതായിരുന്നു  രീതി.

പരിസരവാസികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രധാന റോഡുകളില്‍ നിന്നും ഉള്ളിലോട്ട് ചെറിയ റോഡുകളില്‍ സഞ്ചരിച്ചായിരുന്നു കവര്‍ച്ച. ഇത്തരം പ്രദേശങ്ങളില്‍ സിസിടിവി ഇല്ലാത്തതും മോഷ്ടാവിനെ പെട്ടന്ന് പിടികൂടുന്നത് പ്രതികൂലമായി.

പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം, കൊണ്ടോട്ടി, വാഴക്കാട്, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ നടന്ന നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പായി.

ഇയാളില്‍ നിന്ന്  സ്വര്‍ണ്ണാഭരണങ്ങളും,  6 ലക്ഷത്തോളം രൂപയും  മോഷണത്തിന് ഉപയോഗിക്കുന്ന വാഹനവും കണ്ടെടുത്തു. പൂട്ടുകള്‍ തകര്‍ക്കുന്നതിന് ഉപയോഗിച്ച ചുറ്റികയും, ആക്‌സോ ബ്ലൈഡുകളും കണ്ടെത്തി.

പ്രതി പുതിയ വാഹനങ്ങള്‍ വാങ്ങിയതായും വിവിധ ബിസിനസുകള്‍ നടത്താന്‍ പണം ലക്ഷങ്ങള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  മൊത്തം 85 പവനോളം സ്വര്‍ണ്ണാഭരണങ്ങളും, 2 ലക്ഷത്തോളം രൂപയും ഇതുവരെ കവര്‍ച്ച നടത്തിയതായാണ് വിവരം. വിവിധ സ്റ്റേഷനുകളിൽ നാലോളം മോഷണ കേസുകളും ഇയാൾക്കെതിരെയുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പാലം ഇന്‍സ്പക്ടര്‍ പ്രദീപ്, എസ്ഐ വിപിന്‍ വി.  പിള്ള, ഡന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ് , സുബ്രഹ്മണ്യന്‍, സബീഷ്, മുസ്തഫ, എഎസ്ഐ കൃഷ്ണദാസ്, എഎസ്ഐ രവീന്ദ്രന്‍,  സ്മിത എന്നിവരാണ്  അന്വേഷണം നടത്തുന്നത്.

Advertisment