അമ്പലപ്പുഴ: എം.ഡി.എം.എയുമായി മൊത്ത വില്‍പ്പനക്കാരനും സഹായിയായ യുവതിയും ആലപ്പുഴ പുന്നപ്ര പോലീസ് പിടിയിൽ. കൊല്ലം കൊട്ടിയം വയലില്‍ പുത്തന്‍വീട്ടില്‍ ആഷിര്‍ (35), തൃശൂര്‍ വടക്കാഞ്ചേരി തലപ്പള്ളി വീട്ടില്‍ നാഗമ്മ (24) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 11 ഗ്രാം എം.ഡി.എം.എയും സിറിഞ്ചുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.
/sathyam/media/post_attachments/GwaRAxoH2bKN0HrKUo9u.jpg)
രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ച് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് പിന്നാലെ പോയി വണ്ടാനം ഭാഗത്തുവച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പിടികൂടിയത്. ബംഗളൂരില്‍ നിന്നും എം.ഡി.എം.എ. കൊണ്ടുവന്ന് ആലപ്പുഴയിലെ വില്‍പ്പനക്കാര്‍ക്ക് നല്‍കി വരുകയായിരുന്ന ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ ഇന്നോവ കാറില്‍ വരുന്ന വിവരമറിഞ്ഞത്. വര്‍ഷങ്ങളായി എറണാകുളത്ത് വാടക വീടുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. യുവതിയുടെ പേരില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൊലപാതകശ്രമ കേസും വിവിധ സ്‌റ്റേഷനുകളില്‍ മോഷണം വഞ്ചനാ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌കോഡും, പുന്നപ്ര എസ്.എച്ച്.ഒ. ലൈസാദ് മുഹമ്മദ്, എസ്.ഐ രാകേഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.