ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെത്തുടർന്ന് ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ.
മാവേലിക്കരഅറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ തങ്കച്ചന്റെ മകൾ റെജി (അച്ചാമ്മ)യാണ് പിടിയിലായത്. പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരുകയായിരുന്നു. 1990 ഫെബ്രുവരി 21 നാണ് മറിയാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. റെജിക്ക് അന്ന് 18 വയസായിരുന്നു പ്രായം. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല.
തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു. 1993-ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് കേരളാ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താനായി പോലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കൊലപാതകം നടന്നിട്ട് 33 വർഷവും ശിക്ഷവിധിച്ചിട്ട് 27 വർഷവുമായി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്പി. എം.കെ. ബിനുകുമാർ -ന്റെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവർ ഉൾപ്പെട്ട പ്രേത്യേക അന്വേഷണസംഘം രൂപീകരിച്ചു. അന്വേഷണ സംഘം കേസ് ഫയൽ പരിശോധിച്ചും നാട്ടുകാരോടും ബന്ധുക്കകളോടും മറ്റും നേരിട്ട് റെജി എവിടെക്കാണ് ഒളിവിൽ പോയതെന്ന് അന്വേഷണം നടത്തിയതിൽ പ്രാഥമിക ഘട്ടത്തിൽ റെജി മുംബൈയിലുണ്ടെന്നും തമിഴ്നാട്ടിലോ, ഗുജറാത്തിലോ ആണെന്നും അതല്ല ഏതോ അനാഥാലയത്തിൽ ആണെന്നുമൊക്കെ നാട്ടുകാർ പറഞ്ഞു.
എന്നാൽ, ബന്ധുക്കൾ ആരും തന്നെ റെജി ഒളിവിൽ പോയ ശേഷം പിന്നീട് കണ്ടിട്ടില്ല. പഴയ പത്ര കട്ടിങ്ങിൽ നിന്നും കിട്ടിയ ഫോട്ടോയും കേസിൽ എഴുതപ്പെട്ട അഡ്രസ്സും അല്ലാതെ മറ്റൊരു സൂചനയുമില്ലായിരുന്നു. ഇതിനിടയിൽ റെജി കോവിഡ് വന്നു മരണപ്പെട്ടു പോയെന്നു കിംവദന്തി കേട്ടു. കോട്ടയം ജില്ലയിൽ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കളപണിയ്ക്കായി നിന്നിരുന്നു എന്നും കെട്ടിട നിർമ്മാണതൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാടിന് പോയി എന്നുള്ള വിവരവും പോലീസിന് ലഭിച്ചു.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്.
അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിന്ന പ്രതിയെ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, എസ്. ഐ. പ്രഹ്ളാദൻ. C, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, സുഭാഷ് N. S, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്കർ, സി. പി.ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി-II ൽ ഹാജരാക്കും.