വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് നാലു വർഷത്തിനുശേഷം 

author-image
neenu thodupuzha
New Update

മലപ്പുറം: തിരുവാലിയിൽ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ മുളങ്കുന്നത്ത്കാവ് സ്വദേശി അമ്പലത്ത് നൗഷാദിന്റെ മകൻ സുൽഫിക്കറിനെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

നാല് വർഷം മുമ്പാണ് സംഭവം. തിരുവാലിയിലെ പോപ്പീസ് ബേബി കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം  കസ്റ്റമേഴ്സിന് ഏർപ്പാടാക്കിയ ടൂർ പാക്കേജ്, പ്രതി സുൽഫിക്കറും ഭാര്യ സരികയും ചുരുങ്ങിയ ചെലവിൽ നടത്തിത്തരാമെന്ന് സ്ഥാപന നടത്തിപ്പുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 2,75,901 രൂപ പോപ്പീസിൽ നിന്നും കൈക്കലാക്കി പ്രതികൾ മുങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കുവാൻ ശ്രമിക്കവെ പ്രതി സുൽഫിക്കറിനെ എയർപോർട്ട് അതോറിറ്റി തടയുകയായിരുന്നു.

പ്രതിയെ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തൃശൂരിലുള്ള ലിങ്ക് ഇന്ത്യ ഓൺലൈൻ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി സുൽഫിക്കർ.

Advertisment