കോന്നി: കല്ലേലി സി.എസ്.ഐ. പള്ളി സെമിത്തേരിയിലെ കല്ലറയിൽ സ്ലാബിന് മുകളില്‍ അറബി വാക്കുകള്‍ എഴുതിയ വെള്ളരിക്ക കണ്ടെടുത്തു. കൂടോത്രമെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി.
/sathyam/media/post_attachments/55W0fk4RkAGWU86pTS7N.png)
ഊട്ടുപാറ കല്ലേലി നിരവും പുറത്ത് വടക്കേതില്‍ സന്തോഷാണ് പരാതിക്കാരന്‍. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം.
സന്തോഷിന്റെ പിതാവ് വര്‍ഗീസിന്റെ 18-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഇതിന്റെ ഭാഗമായി കല്ലറ വൃത്തിയാക്കാനും മെഴുകുതിരി കത്തിക്കാനുമാണ് സന്തോഷും ബന്ധുവും സെമിത്തേരിയിലെത്തിയത്.
എന്നാൽ, കല്ലറയുടെ ഒരു ഭാഗം ഇളക്കി മാറ്റിയ നിലയില്‍ കണ്ട് പരിശോധിച്ചപ്പോഴാണ് കല്ലറയ്ക്കുള്ളില്‍ വെള്ളത്തുണിയില്‍ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നതായും പുറത്തെടുത്ത് തുറന്നു നോക്കുമ്പോൾ വെള്ളരിക്കയിലും എഴുത്തോലയിലും അറബി അക്ഷരങ്ങള്‍ എഴുതിയതായും കണ്ടത്.
ആരോ കൂടോത്രം ചെയ്തെന്നു മനസിലാക്കി സന്തോഷ് സമീപത്തുള്ള ഗ്രാമപഞ്ചായത്തംഗവുമായി ബന്ധപ്പെടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കല്ലറയ്ക്ക് കേടുപാടു വരുത്തിയതിന് പോലീസ് കേസെടുത്തു.