ഒറീസയില്‍നിന്ന് ട്രെയിൻ വഴി കഞ്ചാവ് കടത്ത്; ആലപ്പുഴയിൽ മൂന്നര കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റില്‍

author-image
neenu thodupuzha
New Update

ആലപ്പുഴ: വില്‍പ്പനയ്ക്കായി ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 3.550 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ആലപ്പുഴ എക്‌സൈസ് അറസ്റ്റ് ചെയ്തു. അടൂര്‍ പയ്യനല്ലൂര്‍ മീനത്തേതില്‍ വീട്ടില്‍ സുമേഷ്(26), കൊല്ലം ആനയടി ശൂരനാട് നോര്‍ത്ത് വിഷ്ണുഭവനത്തില്‍ വിഷ്ണു(23) എന്നിവരെയാണ് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്ന് ആലപ്പുഴ എക്‌സൈസ്  എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് സി.ഐ എം. മഹേഷും സംഘവും പിടികൂടിയത്.

Advertisment

publive-image

ഇവര്‍ സ്ഥിരമായി ഒറീസയില്‍ പോയി കഞ്ചാവ് വലിയ തോതില്‍ വാങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളായ കായംകുളം, താമരക്കുളം നുറനാട് ഭാഗങ്ങളിലേക്കാണ് എത്തിച്ചിരുന്നത്. ട്രെയിനില്‍ ചേര്‍ത്തലയിലോ ആലപ്പുഴയിലോ ഇറങ്ങി ബസ് മാര്‍ഗമാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്.

രാത്രിയിലുള്ള ട്രെയിനുകളില്‍ കയറുകയും  മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് ടോയ്‌ലറ്റിന്റെ മുകള്‍ ഭാഗത്തെ പ്ലൈവുഡിന്റെ സ്‌ക്രൂ അഴിച്ച് മാറ്റി കഞ്ചാവ് പൊതി ഒളിപ്പിക്കുകയാണ് പതിവ്. ഇറങ്ങാന്‍ സമയമാകുമ്പോള്‍ മറ്റ് പരിശോധനകള്‍ പ്ളാറ്റ്‌ഫോമില്‍ ഇല്ലന്ന് ഉറപ്പാക്കിയ ശേഷമാണ് കഞ്ചാവുമായി ഇറങ്ങാറുള്ളത്.

സുമേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പാനിയമ പ്രകാരം ജയിലില്‍ കിടന്നിട്ടുള്ളയാളുമാണ്. ഇവര്‍ കഞ്ചാവ് വാങ്ങാന്‍ പുറപ്പെട്ടപ്പോള്‍ തന്നെ നാര്‍ക്കോട്ടിക് സ്‌ക്വാഡിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇവര്‍ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് പിടിക്കപ്പെടുന്നത്. ഇവരില്‍ നിന്ന് ഒറീസയിലെ സാംമ്പല്‍ പൂരില്‍നിന്ന് ആലപ്പുഴയിലേക്കുള്ള ടിക്കറ്റും കണ്ടെടുത്തു.

രണ്ട് ബാഗിലായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ ജി. ഗോപകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.പി. സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. ശ്രീജിത്ത്, എസ്.ആര്‍. റഹീം, എസ്. അരുണ്‍, കെ.ടി. കലേഷ്, എസ്. ദിലീഷ്, സന്തോഷ്, ഡ്രൈവര്‍ പ്രദീപ് എന്നിവരുമുണ്ടായിരുന്നു.

Advertisment