അമ്പലപ്പുഴ: അമ്പലപ്പുഴ പ്രദേശത്തെ ബൈക്ക് മോഷ്ടാക്കളായ ആറ് യുവാക്കള്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പുത്തന്‍പറമ്പ് ഉണ്ണിക്കണ്ണന്‍ ( 20), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവല്‍ വീട്ടില്‍ കാശിനാഥന്‍ (19), അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൃക്ഷവിലാസം തോപ്പില്‍ സുനീര്‍ (36), പുറക്കാട് പഞ്ചായത്ത് കരിക്കംപള്ളി വീട്ടില്‍ ആദിത് (അമ്പാടി 19 ), പുറക്കാട് പഞ്ചായത്ത് കണ്ണന്തറ വീട്ടില്‍ അമീഷ് (19), പുറക്കാട് പഞ്ചായത്ത് പുതുവല്‍ വീട്ടില്‍ വിവേക് (അച്ചു 20), എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/gajA1M1YLr1haOwaImNj.jpg)
ജൂണ്‍ 22നാണ് സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്ഷേത്രജീവനക്കാരനായ ശ്യാമിന്റെ യമഹ ബൈക്ക് മോഷണം പോയതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വാടപ്പൊഴി ഭാഗത്ത് വച്ച് നാട്ടുകാര്‍ ഈ ബൈക്ക് തടയുകയും ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഉണ്ണിക്കണ്ണന്‍, കാശിനാഥന്‍ എന്നിവരെ പുന്നപ്ര പോലീസിന്റെ സഹായത്തോടെ പിടികൂടുകയും അമ്പലപ്പുഴ പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് അമ്പലപ്പുഴ സ്‌റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവരെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടിയും മോഷണ മുതലാണെന്ന് അറിഞ്ഞുകൊണ്ട് ബൈക്ക് വാങ്ങിയ ആക്രി ഉടമയെ കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികള്‍ ഇതിന് മുന്‍പ് അമ്പലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഹീറോ പാഷന്‍ പ്രോ ബൈക്കും, ബജാജ് പള്‍സര്‍ ബൈക്കും മോഷ്ടിക്കുകയും പുന്തലയിലുള്ള സുനീറിന്റെ ആക്രി കടയില്‍ കൊടുക്കുകയും ചെയ്തു. നിരവധി തവണ മറ്റ് പ്രതികളോടൊപ്പം അമ്പലപ്പുഴ ക്ഷേത്ര പരിസരത്തും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയതായും തെളിഞ്ഞു. മോഷ്ടിച്ച ബൈക്കുകള്‍ 5000 രൂപയ്ക്ക് പുന്തലയിലുള്ള ആക്രിക്കടയില്‍ പൊളിക്കാന്‍ കൊടുക്കുകയാണ് പതിവ്.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള നിരവധി വീടുകളിലെ വാട്ടര്‍ മീറ്റര്‍ മോഷണകേസിലെ പ്രതികള്‍ കൂടിയാണ് അറസ്റ്റിലായ അമീഷും അമ്പാടിയും. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. അമ്പലപ്പുഴ എസ്.ഐമാരായ ടോള്‍സണ്‍ പി. ജോസഫ്, ആനന്ദ് വി.എല്‍, എ.എസ്.ഐ സജിത്ത്കുമാര്‍ ടി, സിപിഒമാരായ സിദ്ധിക്ക്, ബിബിന്‍ദാസ്, രതീഷ് വാസു, അനൂപ്കുമാര്‍, ജോസഫ് ജോയി, ഡിനു വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.