തൃശൂര്‍: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതോടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവും കൂടി. മീന്‍ ലഭ്യതയിലുണ്ടായ കുറവും വിലയിലുണ്ടായ വര്‍ധനവുമാണ് അന്യ സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ മത്സ്യം എത്താനിടയാക്കുന്നത്.
50 ദിവസമാണ് ട്രോളിങ് നിരോധനത്തിന്റെ കാലാവധി. ഈ കാലയളവില്‍ കേരളത്തിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ കഴിയുന്നത്. ഇക്കാലയളവിലെ മീനിന്റെ ലഭ്യതയിലെ കുറവ് മുതലെടുത്താണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് മീന്‍ കൊണ്ടുവരുന്നത്.
കേരളത്തിലേക്ക് മത്സ്യം എത്തിക്കാന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമില്ലാത്തതാണ് പഴകിയ മീനുകള്‍ മാര്‍ക്കറ്റുകളിലും പിന്നീട് നമ്മുടെ അടുക്കളയിലേക്കും എത്താന്‍ സാഹചര്യമൊരുക്കുന്നത്.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പിടികൂടിയത് ഒരു ടണ്‍ പഴകിയ മത്സ്യമാണ്. ഒഡീഷയില്‍നിന്നാണ് മത്സ്യം കൊണ്ടുവന്നത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യം എത്തുന്നത്. രണ്ട് ദിവസം മുമ്പ് പത്തനംതിട്ടയിലെ തിരുവല്ലയില്‍ 110 കിലോ പഴകിയ മത്സ്യം പിടികൂടിയതിന് പിന്നാലെയാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പിടികൂടുന്നത്.
സംസ്ഥാനത്തിലേക്ക് വന്‍തോതില്‍ പഴകിയ മത്സ്യം കടത്തുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മത്സ്യം കൊണ്ടുവരുന്ന സംസ്ഥാനങ്ങളിലോ ഇവിടെയോ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള
സംവിധാനങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെ എത്തുന്ന മീന്‍ ഏജന്റുമാര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയും കച്ചവടക്കാര്‍ വലിയ വിലയില്‍ വില്‍പ്പന നടത്തുകയും ചെയ്യും. ട്രോളിങ് നിരോധനം വന്നാല്‍ മത്സ്യത്തിന്റെ വില വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ നല്ല വിലയ്ക്ക് തന്നെ വില്‍പ്പന നടത്താന്‍ കഴിയും.
മീനിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നതും പ്രതിസന്ധിയാണ്.
പച്ച മത്സ്യം മാത്രമല്ല കേടായ ഉണക്കമീനും എത്തുന്നുണ്ട്. റെയില്‍വേ അധികൃതരുടെ അനാസ്ഥയും പഴകിയ മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിന് സഹായകമാണ്. എത്ര പഴകിയ മീനും പരിശോധനയില്ലാതെ റെയില്‍വേയുടെ പാഴ്‌സല്‍ മാര്‍ഗത്തിലൂടെ അയയ്ക്കാന്‍ കഴിയും. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മീന്‍ പായ്ക്കറ്റുകളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിശോധിക്കാനുള്ള സാഹചര്യമുണ്ടായത്. അല്ലെങ്കില്‍ ഇതും യാതൊരു പരിശോധനയുമില്ലാതെ വിറ്റഴിച്ചേനേ. ഇത്തരം മീന്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.