അമ്പലപ്പുഴ: വാഹനാപകടത്തില്‍ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരുക്ക്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് കരൂര്‍ പ്രസീത ഭവനത്തില്‍ അനില്‍ കുമാര്‍-ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് (21), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് ആമയിട ആതിര ഭവനത്തില്‍ ഷാജി - മിനി ദമ്പതികളുടെ മകന്‍ അനന്ദു (21) എന്നിവരാണ് മരിച്ചത്.
/sathyam/media/post_attachments/5G3QGyBu61WzOOxE7fcD.png)
ആമയിട പ്രണവ് നിവാസില്‍ സുമേഷിന്റെ മകന്‍ സുധീഷി (21)നെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച രാത്രി 12.50ന് പുന്നപ്ര കളിത്തട്ടിന് തെക്ക് ഭാഗത്തായിരുന്നു അപകടം.
പുന്നപ്രയില്‍ സുഹൃത്തിന്റെ വീട്ടിലെത്തി തിരികെ ചള്ളി ഭാഗത്തു നിന്നും ദേശീയ പാതയിലേക്ക് കയറിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എറണാകുളം ഭാഗത്തു നിന്നും ഹരിപ്പാട് ഭാഗത്തേക്ക് എല്‍.പി.ജി സിലിണ്ടറുകളുമായി പോയ ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ യുവാക്കളെ പുന്നപ്ര പോലീസും നാട്ടുകാരും ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിജിത്തിന്റേയും അനന്തുവിന്റേയും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ ഇരുവരുടേയും വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. അഭിജിത്തിന്റെ സഹോദരന്‍ അമല്‍ ജിത്ത്. അനന്ദുവിന്റെ സഹോദരി ആരതി.