ഹരിപ്പാട്: നാപ്‌ടോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടക കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40),ദേവിപ്രസാദ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാപ്‌ടോള്‍ കമ്പനിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ എന്ന പേരില്‍ 1,35,000 രൂപ പള്ളിപ്പാട് നീണ്ടൂര്‍ ഈശ്വരന്‍പറമ്പില്‍ ഗോപാലകൃഷ്ണപിള്ള(74)യില്‍ നിന്നും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
/sathyam/media/post_attachments/jICaaCgi2anTmiZ8xyX2.png)
ഗോപാലകൃഷ്ണന്‍ നാപ്‌ടോളില്‍ നിന്നും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിന് ഇയാളുടെ ഫോണിലേക്ക് കമ്പനിയുടെ പി.ആര്‍.ഒയാണെന്നും നാപ്‌ടോള്‍ കമ്പനിയുടെ സ്‌ക്രാപ്പ് ആന്‍ഡ് വിന്‍ വഴി നിങ്ങള്‍ക്ക് 13,50,000 അടിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പറും അക്കൗണ്ട് ഡീറ്റൈല്‍സും കൂടാതെ സമ്മാനത്തുകയുടെ നികുതിയും അടയ്ക്കണമെന്ന് പറഞ്ഞു.
അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയും വാട്‌സ്ആപ്പില്‍ നല്‍കി. വീട് ഓച്ചിറയിലാണെന്നും പേര് അമല്‍ദേവാണെന്നും ഇയാള്‍ പരിചയപ്പെടുത്തുകയും ചെയ്തു. പണം അയയ്ക്കാൻ ജഗദീഷ് എന്നയാളുടെ അക്കൗണ്ട് നമ്പര്‍ അയച്ചു. സമ്മാനത്തുക കിട്ടുന്നതിന് 1,35,000 രൂപ അയച്ചു നല്‍കി.
വീണ്ടും വീണ്ടും പണം ചോദിച്ചപ്പോള്‍ സംശയം തോന്നുകയും ഹരിപ്പാട് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
ഓച്ചിറ സ്വദേശി അമലിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പണം അയച്ചു നല്‍കിയ അക്കൗണ്ടും ഫോണ്‍ ഡീറ്റൈല്‍സും കര്‍ണാടകയിലുള്ളതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിര്‍ദേശാനുസരണം കായംകുളം ഡി.വൈ.എസ്.പി: അജയനാഥ്, ഹരിപ്പാട് എസ്.എച്ച്.ഒ: ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.