കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാ അധികൃതര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ രേഖകള്‍ ഹാജരാക്കി.
രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ക്ക് ഇ.ഡി. കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. കൊച്ചി ഓഫീസില്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനായിരുന്നു നിര്‍ദേശം.
കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തില്‍ 2021ലാണ് ഇ.ഡി. കേസെടുത്തത്.
/sathyam/media/post_attachments/cdX84h4warHxDzDYQdQE.jpg)
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പേരാണു കേസിലെ പ്രതികള്‍. കര്‍ദിനാള്‍ ഒഴികെയുള്ള പ്രതികളെ അടുത്താഴ്ച മുതല്‍ ചോദ്യംചെയ്യും.
അതില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം മൂന്നുപേരെ പ്രതിയാക്കി ആറു കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിശ്വാസവഞ്ചന, ഗൂഢാലോചന, എന്നിവ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്ട്ടുള്ളത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കു പുറമേ അതിരൂപത മുന്‍ പ്രോക്യൂറേറ്റര്‍ ജോഷി പുതുവ, ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരാണു കൂട്ടുപ്രതികള്‍.
കേസെടുത്തിട്ടു രണ്ടുവര്‍ഷത്തോളമായിട്ടും ഇ.ഡി. സ്വത്തുകണ്ടുകെട്ടല്‍ നടപടികളിലേക്കു കടന്നിട്ടില്ല.
ഇതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണു രേഖകള്‍ ആവശ്യപ്പെട്ടതെന്നാണു സൂചന. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാരവാഹികള്‍, മുന്‍ഭാരവാഹികള്‍ എന്നിങ്ങനെ അഞ്ചുപേര്‍ക്കാണ് ഇ.ഡി. കൊച്ചി ഓഫീസില്‍നിന്നു നോട്ടീസ് അയച്ചത്.