ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

author-image
neenu thodupuzha
New Update

ഉപ്പുതറ: കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഹൈക്കോടതി ജഡ്ജി വിജി അരുണ്‍ തള്ളിയത്.

Advertisment

publive-image

കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള തടസം പോലീസിന് നീങ്ങി. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റര്‍ വി. അനില്‍കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി ലെനില്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് തള്ളിയത് .

പ്രതികളായ ഫോറസ്റ്റ് വാച്ചര്‍മാരായ കെ.എന്‍. മോഹനന്‍, കെ.ടി. ജയകുമാര്‍, കെ.എന്‍. സന്തോഷ്, കെ.എസ്. ഗോപാല കൃഷ്ണന്‍, ടി.കെ. ലീലാമണി എന്നിവര്‍ 15 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം.

സര്‍ക്കാരിനു വേണ്ടി ഗവ.പ്ലീഡര്‍ അഡ്വ. അഷി, സരുണ്‍ സജിക്കു വേണ്ടി അഭിഭാഷകരായ കെ.എസ് അരുണ്‍ ദാസ് , അഭിഷേക് കുര്യന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. കോടതി ഉത്തരവ് വന്നതോടെ ഒന്നു മുതല്‍ മൂന്നു വരെയും പതിനൊന്നാം പ്രതി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുല്‍, അഞ്ചാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍.ആര്‍. ഷിജി രാജ് എന്നിവരെ അറസ്റ്റു ചെയ്യുന്നതിനുള്ള തടസം നീങ്ങി. പീരുമേട് ഡിവൈ. എസ്.പി കെ.ജി കുര്യാക്കോസ് ആണ് കേസ് അന്വേഷിക്കുന്നത്.

2022 സെപ്റ്റംബര്‍ 20-നാണ് സ്ഥലത്തില്ലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മുല്ല പുത്തന്‍ പുരയ്ക്കല്‍
സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും വിളിച്ചു വരുത്തി അറസ്റ്റു ചെയ്തത്.

കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയും മര്‍ദിക്കുകയും ചെയ്തന്ന പരാതിയില്‍ മനുഷ്യാവകാശ-ഗോത്ര വര്‍ഗ കമ്മിഷനുകളുടെ നിര്‍ദ്ദേശ പ്രകാരം പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല അന്വേഷണത്തില്‍
കേസ് കെട്ടിച്ചമച്ചതാണെന്നും  പിടിച്ചെടുത്ത മാംസം വന്യമൃഗത്തിന്റേതല്ലന്നും തെളിഞ്ഞിരുന്നു.

 

Advertisment