ഭാര്യയേയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് പതിനാലുകാരിയുമായി പ്രണയം, വിവാഹ വാഗ്ദാനം നല്‍കി  പീഡനം; ഒടുവിൽ കാമുകിയുടെ സുഹൃത്തുമായി ഒളിച്ചോട്ടം;  പ്രതിക്ക്  48 വര്‍ഷം കഠിന തടവ്

author-image
neenu thodupuzha
New Update

പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തില്‍പെട്ടതുമായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ  പ്രതിക്ക് 48 വര്‍ഷം കഠിന തടവ്.

Advertisment

പുറമറ്റം കരിങ്കുറ്റിമലയിൽ സനീഷി(റിജോമോന്‍)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ 48 വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി എണ്‍പതിനായിരം രുപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധിക കഠിന തടവിനും ശിക്ഷിച്ചത്.

publive-image

2020 മുതലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്ന പ്രതി ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭനത്തില്‍ വീഴ്ത്തി വിവാഹ വാഗ്ദാനങ്ങള്‍ നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അയല്‍വാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണില്‍ നിന്നും പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് പ്രതിയെ വിളിച്ചിരുന്നതു മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവില്‍ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു.

ഇതോടെ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി വിവരം ബന്ധുക്കള്‍ വഴി പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ അന്തിമ വാദം പൂര്‍ത്തിയായ ശേഷം പ്രതി ഒളിവില്‍ പോകുകയുണ്ടായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് പോലിസ് ഇന്‍സ്‌പെക്ടറായിരുന്ന പി.എസ്. വിനോദാണ് അന്വേഷണം നടത്തിയത്. കേസിന്റെ അന്തിമ ചാര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചത് ഡി.വൈ.എസ് പി. രാജപ്പന്‍ റാവുത്തറാണ്.

Advertisment