കാസർകോട്: കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന ശേഷം ഇറച്ചിവിൽപ്പന നടത്തിയവരിൽ മൂന്നുപേർ പിടിയിൽ. ചിറ്റാരിക്കൽ അതിരുമാവ് പാട്ടത്തിൽ പി.കെ. മധു (40), ബന്തടുക്ക മാനടുക്കം മലാംകുണ്ട് ആർ. സുരേഷ് (37), പാലക്കാട് ഉളിങ്ങടവ് കൊച്ചുമലയിൽ ആർ. ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/rT6k5wMnhwHEl5ZqxANa.jpg)
അഡൂർ പാണ്ടിയിൽ കാട്ടുപോത്തിന്റെ ഇറച്ചിയുമായി വിൽപ്പന നടത്തവേയാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ബന്തെടുക്ക മാരിപ്പടുപ്പ് സ്വദേശി അനിൽകുമാർ, കരിവേടകം സ്വദേശി സജീഷ് എന്നിവരും പ്രതികളാണ്.
ഇറച്ചി തങ്ങൾക്ക് നൽകിയത് ബന്തടുക്ക മാരിപ്പടുപ്പിലെ അനിലാണെന്നാണ് പിടിയിലായവരുടെ മൊഴി. ഇയാൾ ഒളിവിലാണ്. മരപ്പണിക്കാരനായ അനിലിന്റെ തൊഴിലാളികളാണ് അറസ്റ്റിലായവർ. കാട്ടുപോത്തിന്റെ തല, അസ്ഥികൾ, തോൽ എന്നിവ അനിൽകുമാറിന്റെ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലവിൽ വനംവകുപ്പ് കണ്ടെത്തി.
പാചകംചെയ്തതും പച്ചയുമായ ഇറച്ചി പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അവിടെ നിർത്തിയിട്ടിരുന്ന ജീപ്പിൽനിന്നും ഇറച്ചി കണ്ടെത്തി. ആ ജീപ്പും കസ്റ്റഡിയിലെടുത്തു.
ഭൂരിഭാഗം ഇറച്ചിയും വിൽപ്പന നടത്തിയിരുന്നു. ഒരു കിലോ മാംസത്തിന് 500 രൂപയാണ് ആളുകളോട് വാങ്ങിയതെന്ന് സൂചനയുണ്ട്. ഇവർ നേരത്തെയും കാട്ടുപോത്തുകളെ കൊന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വാങ്ങിയവരെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കുമെന്ന് കാസർകോട് റേഞ്ച് ഓഫീസർ ടിജി സോളമൻ വ്യക്തമാക്കി. ബന്തടുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.