ദളിത് യുവാവുമായി പ്രണയം: വിലക്കിയിട്ടും ബന്ധം തുടർന്ന മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി കാമുകന്‍, ദാരുണ സംഭവം കർണാടകയിൽ 

author-image
neenu thodupuzha
New Update

ബംഗളുരു: ദളിത് യുവാവിനെ പ്രണയിച്ച  പെൺകുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.  വിവരമറിഞ്ഞ കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

കര്‍ണാടകയിലെ കോലാറിലാണ്  സംഭവം. കോലാര്‍ ബംഗാര്‍പേട്ട് താലൂക്കിലെ ബോഡഗുര്‍ക്കി സ്വദേശിയായ കീര്‍ത്തിയെ(20)യാണ് അച്ഛന്‍ കൃഷ്ണമൂര്‍ത്തി(46)  അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ മനം നൊന്ത് കാമുകനായ ഗംഗാധര്‍(24) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

കീര്‍ത്തിയും ഗംഗാധറും ഏറെനാളായി പ്രണയത്തിലായിരുന്നു. കീര്‍ത്തി ഗൊല്ല സമുദായത്തില്‍പ്പെട്ടതും ഗംഗാധർ ദളിത് വിഭാ​ഗത്തിൽ പെട്ടതുമാണ്. തങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നും കീർത്തിയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നും ​ഗം​ഗാധർ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍,  മകളുടെ പ്രണയത്തെ കൃഷ്ണമൂര്‍ത്തി എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്നും ഇനി കൂടിക്കാഴ്ച പാടില്ലെന്നും ഇയാള്‍ രണ്ടുപേരോടും ആവശ്യപ്പെട്ടു. എന്നാൽ,  എതിര്‍പ്പ് മറികടന്ന് ഇരുവരും ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതും പതിവായി. കഴിഞ്ഞദിവസം ഇക്കാര്യമറിഞ്ഞതോടെയാണ് കൃഷ്ണമൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

കീര്‍ത്തിയെ പിതാവ് കൊലപ്പെടുത്തിയെന്ന വാര്‍ത്ത നാട്ടില്‍ പരന്നതോടെ ഗംഗാധറിനെ  കാണാതായിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. കീര്‍ത്തിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഗംഗാധര്‍ ലാല്‍ബാഗ് എക്‌സ്പ്രസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment