കല്‍പ്പറ്റ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കണ്ണൂര്‍ കൂട്ടാളി നാരങ്ങോലി ഹൗസില്‍ നീരജി(26)നെയാണ് കല്‍പ്പറ്റ എന്‍.ഡി.പി.എസ് പ്രത്യേക കോടതി പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. നീരജും കൂട്ടുപ്രതിയായിരുന്ന യാസര്‍ അറഫാത്തും ഒന്നിച്ച് 2018 ജൂണ്‍ 21നാണ് സംഭവം.
കാറില്‍ 31 കിലോ കഞ്ചാവ് കടത്തിയെന്നതായിരുന്നു കേസ്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.കെ. സുനിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.ജെ ഷാജി അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ മാനന്തവാടി റേഞ്ച് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.ആര്‍. ജനാര്‍ദ്ദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി.