ബിസിനസിൽ നഷ്ടം: നാല് കോടിയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ സുഹൃത്തിനെ ട്രക്കിടിച്ച് കൊലപ്പെടുത്തി സ്വന്തം മരണമാക്കി മാറ്റി; വ്യവസായിയും ഭാര്യയുമുൾപ്പെടെ ആറു പേർ അറസ്റ്റിൽ

author-image
neenu thodupuzha
New Update

ചണ്ഡിഗഢ്: സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ചണ്ഡിഗഢിലും. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. വ്യവസായി ഗുര്‍പ്രീത് സിങ്ങാണ് ബിസിനസിൽ നഷ്ടം വന്നതിനെത്തുടർന്ന്  നാല് കോടിയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍  കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.

Advertisment

publive-image

വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗര്‍, സുഖ്‌വീന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് പിടിയിലായത്.

സുഖ്ജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ജൂണ്‍ 19ന് അദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ പട്യാല റോഡിലുള്ള ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. സുഖ്ജിത്ത് ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു ആദ്യം സംശയിച്ചത്.

എന്നാൽ, ഇതിനിടെയാണ് ഗുര്‍പ്രീത് ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഗുര്‍പ്രീതിന്റെ വീട്ടിൽ പോലീസ് എത്തിയപ്പോൾ അയാൾ ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. അതായിരുന്നു പോലീസിന് സംശയം തോന്നിയതും അന്വേഷണത്തിലേക്ക് നയിച്ചതും.

മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി സുഹൃത്തിനെ ബോധംകെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കൂടാതെ പോലീസ് തിരിച്ചറിയാതിരിക്കാൻ ഗുര്‍പ്രീതിന്റെ വസ്ത്രവും സുഖ്ജീത്തിനെ ധരിപ്പിച്ചു  ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ​ഗുർപ്രീതിന്റെ ഭാര്യ  മൃതദേഹം  ഭർത്താവിന്റേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

 

Advertisment