പണയ സ്വര്‍ണം സ്വകാര്യ പണമിടപാട് സ്ഥാപനം തിരികെ കൊടുത്തില്ല, ചോദിച്ചു ചെന്നപ്പോൾ ഇറക്കിവിട്ടു; വീട്ടമ്മയ്ക്ക്  10.83 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

author-image
neenu thodupuzha
New Update

റാന്നി: പണയം വച്ച സ്വര്‍ണം തിരികെ കൊടുക്കാത്ത സ്വകാര്യ പണമിടപാട് സ്ഥാപനം ഉടമ വീട്ടമയ്ക്ക് അതിന്റെ വിലയും കോടതി ചെലവും ചേര്‍ത്ത് 10.83 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചു.

Advertisment

അടൂര്‍ വടക്കടത്തുകാവ് ഇടപടിക്കല്‍ വീട്ടില്‍ സാറാമ്മ അലക്‌സ് ഫയല്‍ ചെയ്ത കേസില്‍ പത്തനംതിട്ട കളീക്കല്‍ ഫൈനാന്‍സിയേഴ്‌സ് നടത്തുന്ന കെ.ജി. ഹരികുമാറിനെതിരേയാണ് വിധി.
189 ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലയായ 10,48,005 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തില്‍ 5,000 രൂപയും ചേര്‍ത്ത് 10,83,000 രൂപ ഒരു മാസത്തിനകം കൊടുക്കണം.

publive-image
ഭര്‍ത്താവിന്റെ ചികിത്സയുടെ ആവശ്യത്തിലേക്കായി കളീക്കല്‍ ഫൈനാന്‍സിയേഴ്‌സില്‍ 189 ഗ്രാം സ്വര്‍ണം പണയംവച്ച് 2013,14,15 വര്‍ഷങ്ങളിലായി 4,80,000 രൂപ വായ്പ എടുത്തിരുന്നു. പലിശയിനത്തില്‍ 5,000 രൂപ പ്രതിമാസം തിരികെ അടച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനു വേണ്ടി പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ ഫൈനാന്‍സിയേഴ്‌സില്‍ ചെന്നപ്പോള്‍ പലിശ കൂട്ടി നോക്കാന്‍ എന്നു പറഞ്ഞ് മൂന്ന് പണയ രസീതുകളും ഉടമ തിരികെ വാങ്ങി.

ഈ സമയം സ്ഥാപനം ഉടമ ഹരികുമാറിന്റെ അഭിഭാഷകനും അവിടെയുണ്ടായിരുന്നു. എന്നാല്‍, പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ വേണ്ടി സാറാമ്മ വീണ്ടും സ്ഥാപനത്തില്‍ ചെന്നപ്പോള്‍ ഹരികുമാര്‍ പണയ രസീതുകള്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഇവിടെ പണയം വച്ചിട്ടില്ലെന്നും നേരത്തേ രസീത് തനിക്ക് തന്നിട്ടില്ലെന്നും പറഞ്ഞ് സാറാമ്മയെ ഇറക്കി വിട്ടു.
ഈ പ്രവൃത്തിക്കെതിരെയാണ് സാറാമ്മ കമ്മിഷനില്‍ അന്യായം ഫയല്‍ ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ എതിര്‍കക്ഷിയ്ക്ക് നോട്ടീസ് അയയ്ക്കുകയും ആവശ്യമായ തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തു. രസീതുകള്‍ സാറാമ്മ ഹരികുമാറിന് കൈമാറുമ്പോള്‍ അവിടെയുണ്ടായിരുന്ന അഭിഭാഷകനെയും വിസ്തരിച്ചു. അദ്ദേഹത്തിന്റെ കൂടി മൊഴിയുടെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷി കുറ്റക്കാരനാണെന്നു കണ്ടെത്തി. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.

Advertisment