അമ്പലപ്പുഴയിൽ വൈദ്യുതി ലൈനില്‍ കേബിള്‍ ബന്ധിപ്പിച്ച് ബൈക്കില്‍ ചുറ്റി യുവാവിനെ അപായപ്പെടുത്താന്‍ നീക്കം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

author-image
neenu thodupuzha
New Update

അമ്പലപ്പുഴ: വൈദ്യുതി ലൈനില്‍ കേബിള്‍ ബന്ധിപ്പിച്ച് ബൈക്കില്‍ ചുറ്റി യുവാവിനെ അപായപ്പെടുത്താന്‍ നീക്കം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കരുമാടി ഉഷാ ഭവനില്‍ അനില്‍ കുമാറി(41)നെയാണ് ഇരുട്ടിന്റെ മറവില്‍ അപായപ്പെടുത്താന്‍ നീക്കം നടന്നത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അമ്പലപ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.

Advertisment

publive-image

നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ കരുമാടി യൂണിറ്റ് കണ്‍വീനറായ അനില്‍ കുമാര്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്കിലാണ് വൈദ്യുതി ബന്ധിപ്പിച്ചത്. വീടിന് സമീപത്തുള്ള പോസ്റ്റിലെ വൈദ്യുതി കമ്പിയിലാണ് കേബിള്‍ ഘടിപ്പിച്ചത്. ഷെഡ് വരെ കേബിള്‍ എത്താതിരുന്നതിനാല്‍ ബൈക്ക് തള്ളിനീക്കിയ ശേഷം ഇതിന് മുകളില്‍ ഇരുമ്പു കസേര വച്ച് അതില്‍ കേബിള്‍ ബന്ധിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പുലര്‍ച്ചെ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നിടത്തു നിന്ന് സ്ഥാനം മാറിയത് ശ്രദ്ധയില്‍പ്പെട്ട അനില്‍കുമാര്‍ നടത്തിയ പരിശോധനയിലാണ് വൈദ്യുതി ബന്ധിപ്പിച്ചത് കണ്ടെത്തിയത്. ഉടന്‍ അമ്പലപ്പുഴ പോലീസിനേയും, കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലും വിവരമറിയിച്ചു. ഇവിടെ നിന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വേർപ്പെടുത്തുകയായിരുന്നു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി.

പ്രായമായ അച്ഛനും അമ്മയും മാത്രമാണ് അനില്‍ കുമാറിനൊപ്പം വീട്ടിലുള്ളത്. ഇവര്‍ രാത്രിയില്‍ പുറത്തിറങ്ങിയിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ്  പറഞ്ഞു.

Advertisment