സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് ഓഫീസുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം

author-image
neenu thodupuzha
New Update

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ കൈമാറുന്നതിനു വിജിലന്‍സ് ഓഫീസുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം.

Advertisment

പല സര്‍ക്കാര്‍ ഓഫീസുകളിലും വിജിലന്‍സ് ഓഫീസുകളെ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഓഫീസുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതു സംബന്ധിച്ചു വിജിലന്‍സ് സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.

publive-image

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും വിജിലന്‍സ് ഓഫീസിന്റെയും വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്‍ പരിഷ്‌കാരം വരുത്താനും തീരുമാനിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് ഓഫിസുകളുടെ നമ്പരുകള്‍ ബോര്‍ഡുകളില്‍ സ്ഥാപിക്കുന്ന രീതി വര്‍ഷങ്ങളായുണ്ട്. എന്നാല്‍, പല ഓഫീസുകളിലും ആരും കാണാത്ത ഇടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും ചില ഓഫീസുകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചില്ല. തുടര്‍ന്നാണു വിവിധ ഓഫീസുകളിലെ സ്ഥിതി വ്യക്തമാക്കി വിജിലന്‍സ് സര്‍ക്കാരിനു കത്തുനല്‍കിയത്.

ജനങ്ങള്‍ക്കു വിജിലന്‍സിനെ വേഗം സമീപിക്കാന്‍ കഴിയുന്ന രീതിയിലാണ് ബോര്‍ഡുകള്‍ പരിഷ്‌കരിക്കുന്നത്. ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും നിര്‍ദേശങ്ങള്‍ നല്‍കും. വിജിലന്‍സ് ആസ്ഥാനത്തെ നമ്പരും ടോള്‍ഫ്രീ നമ്പരും വാട്‌സാപ് നമ്പരും ഇമെയില്‍ ഐ.ഡിയും വെബ്‌സൈറ്റ് അഡ്രസും പുതുതായി ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തണം. ജില്ലാ ഓഫീസുകളുടെ വിവരങ്ങളും നോട്ടീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും.

Advertisment