ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചെന്നും ഹൈക്കോടതി ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
/sathyam/media/post_attachments/k1skS4LtxrqChtyzQtdG.png)
ഇന്റര്‍നെറ്റ് സൈറ്റുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ജസ്റ്റിസ് ദീപക് കുമാര്‍ പറഞ്ഞു.
ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിനോട് ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതി അഭ്യര്‍ഥിച്ചത്. 2013-ല്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമത്തിലെ ഭേദഗതിപ്രകാരമാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16-ല്‍നിന്ന് 18 ആയി ഉയര്‍ത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം 18 വയസില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്.