കൃഷി വകുപ്പിന്റെ അംഗീകാരമുണ്ടെന്ന്; തമിഴ്‌നാട്ടില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യാനെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ രണ്ടംഗ സംഘം അറസ്റ്റില്‍

author-image
neenu thodupuzha
New Update

അമ്പലപ്പുഴ: തമിഴ്‌നാട്ടില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യാന്‍ കൃഷി വകുപ്പിന്റെ അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘം അറസ്റ്റില്‍. തിരുവനന്തപുരം കമലേശ്വരം മണക്കാട് തത്വമസി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുജീബ് റഹ്മാന്‍ (50), തിരുവനന്തപുരം വര്‍ക്കല പഞ്ചായത്ത് രണ്ടാം വാര്‍ഡ് വേമൂട്ടില്‍ കിഷോര്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

തിരുവനന്തപുരം ന്യൂ ഫാര്‍മേഴ്‌സ് അഗ്രോ ആന്റ് ആനിമല്‍ ഓര്‍ഗാനിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യാന്‍ കൃഷി വകുപ്പിന്റെ  അംഗീകാരമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവര്‍  പണം തട്ടിയത്. 2020 ജനുവരി മുതലാണ് തട്ടിപ്പ് ആരംഭിച്ചത്.

പരാതിക്കാരനായ പുറക്കാട് സ്വദേശി അന്‍വര്‍ സാദത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും പലപ്പോഴായി 6,67,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് വാങ്ങി. പിന്നീട് ഇവരെ കുറിച്ച് യാതൊരറിവും ഇല്ലാതെ വരികയും പണം തിരികെ ലഭിക്കാതെയും വന്നതോടെ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയും രണ്ടാം പ്രതിയായ കിഷോറിനെ  തിരുവനന്തപുരത്തു നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

രണ്ടാം പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിയായ മുജീബ് റഹ്മാനെയും പിടികൂടി. കേരളത്തില്‍ പല സ്ഥലങ്ങളിലും ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ട്.

ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ എസ്.ഐ ഗിരീഷ് കുമാര്‍, എ.എസ്.ഐമാരായ ജയചന്ദ്രന്‍, പ്രിന്‍സ്, സി.പി.ഒമാരായ സുജിമോന്‍, സിദ്ധിക്ക്, ബിബിന്‍ദാസ്, വിഷ്ണു, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment