പെരുമ്പാവൂര്‍: പുലര്‍ച്ചെ പ്രഭാത സവാരിക്കറങ്ങിയ രണ്ടുപേരില്‍ ഒരാള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കൊടവത്തൊട്ടി രാഘവ(65)നാണ് പരുക്കേറ്റത്. ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന എല്‍ദോക്ക് പരിക്കില്ല.
/sathyam/media/post_attachments/5XjRH1hdwC5oc68Gxksc.jpg)
ഇന്നലെ രാവിലെ 6.30ന് പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പ്ലാമുടി റോഡില്‍ വച്ചാണ് സംഭവം. കാട്ടാനകള്‍ സമീപത്തെ കൃഷികള്‍ സ്ഥിരം നശിപ്പിക്കാറുണ്ട്. ഇതിനാല്‍ ഇന്നലെ പുലര്‍ച്ചെ കൃഷി നശിപ്പിക്കാനെത്തിയ രണ്ട് പിടിയാനകളെ തുരത്തി ഓടിക്കുന്നതിനിടയില്‍ പ്രഭാത സവാരിക്കിറങ്ങിയ രാഘവനും എല്‍ദോയും കാട്ടാനയെ കണ്ട് ഭയന്ന് ഓടുമ്പോഴായിരുന്നു സംഭവം.
രാഘവന്‍ വീണതിനെത്തുടര്‍ന്ന് ആന ഇയാളെ ആക്രമിക്കുകയുമായിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലും കഴുത്തിന് സാരമായ ചതവും സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ ജോണ്‍ എബ്രഹാം കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.