കോഴഞ്ചേരി: ചോറ്റാനിക്കരയിലെ ക്ഷേത്രത്തില്‍ നിന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാവ് മണിക്കൂറുകൾക്കകം കോഴഞ്ചേരിയില്‍ പമ്പയാറ്റില്‍ നിന്ന് പിടിയിലായി.
തലവടി നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടിയാ(52)ണ് ആറന്മുള പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 നായിരുന്നു മോഷണം. പോലീസിനെ കണ്ട് ആറ്റില്‍ച്ചാടിയ മോഷ്ടാവിനെ മറുകരയില്‍ കാത്തുനിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തിരുവല്ലയിലുള്ള സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരന്‍ സജിത്തിന് കിട്ടിയ രഹസ്യവിവരമാണ് മോഷ്ടാവ് കുടുങ്ങാന്‍ കാരണമായത്. സജിത്ത് സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിവരം സ്ഥിരീകരിച്ച ശേഷം തിരുവല്ല പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല, ആറന്മുള സ്‌റ്റേഷനുകളിലെ പോലീസുകാര്‍ നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് മാത്തുക്കുട്ടി പിടിയിലായത്. 8588 രൂപ മാത്തുക്കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചാക്കില്‍ നിന്ന് ലഭിച്ചു. സ്വര്‍ണം, വെള്ളി തകിടുകളും ലോഹക്കട്ടികളും നാഗരൂപങ്ങളുമൊക്കെ ചാക്കിലുണ്ടായിരുന്നു. ഇയാൾ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
2021ലാണ് അവസാനമായി ജയിലില്‍നിന്ന് ഇറങ്ങുന്നത്. അതിന് ശേഷം വിവിധ ജില്ലകളിലായി മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് സുഖമായി കഴിഞ്ഞു വരികയായിരുന്നു. കാണിക്ക വഞ്ചി കുത്തിത്തുറന്ന് എടുക്കുന്ന പണം ഭക്ഷണത്തിനും മദ്യത്തിനുമായി ചെലവഴിച്ചു. ബസ് സ്റ്റാന്‍ഡുകളും കടത്തിണ്ണകളും അന്തിയുറങ്ങാനുള്ള താവളമായി. വ്യാഴാഴ്ച രാത്രി 11ന് ചോറ്റാനിക്കര റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സകല സാധനങ്ങളും വാരി പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനിലെത്തി.
അവിടെ നിന്ന് ഇന്നലെ പുലര്‍ച്ചെ 5.45നുള്ള ട്രെയിനില്‍ കയറി ചങ്ങനാശേരിയില്‍ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ച് തിരുവല്ലയിലെത്തി. ഇവിടെ നിന്ന് കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറി തോട്ടഭാഗത്ത് വന്നിറങ്ങി. ഈ സമയത്താണ് പോലീസുകാരന്‍ സജിത്തിനെ വിളിച്ച നാട്ടുകാരന്‍ ഒരാള്‍ സ്വകാര്യ ബസില്‍ പണം നിറച്ച പ്ലാസ്റ്റിക് ചാക്കുമായി കയറിയിട്ടുണ്ടെന്ന് അറിയിച്ചത്. സജിത്ത് മോഷ്ടാവ് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ടെത്തി അവരുമായി സംസാരിച്ചു. സംശയിക്കപ്പെടുന്നയാള്‍ കവിയൂര്‍ തോട്ടഭാഗത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു.
തിരുവല്ല ഡിവൈ.എസ്.പി എസ്. അര്‍ഷദിന്റെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങി. വിവരം മറ്റ് സ്‌റ്റേഷനുകളിലേക്കും കൈമാറി. തോട്ടഭാഗത്തെ ഹോട്ടലില്‍ നിന്ന് ചായകുടി കഴിഞ്ഞ് ഓട്ടോറിക്ഷ പിടിച്ച് മാത്തുക്കുട്ടി നേരെ കോഴഞ്ചേരിക്ക് വിട്ടു. പിന്തുടര്‍ന്ന് വന്ന പോലീസുകാര്‍ മോഷ്ടാവ് സഞ്ചരിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തി. താന്‍ ഒരാളെ കോഴഞ്ചേരിയില്‍ കൊണ്ടു വിട്ടുവെന്ന് അയാള്‍ പറഞ്ഞു. ആറന്മുള പോലീസ് ഇതിനോടകം തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനോടകം മോഷ്ടാവ് കോഴഞ്ചേരിയിലെ ചലഞ്ച് ഫുട്‌വെയര്‍ എന്ന കടയില്‍ കയറി ഒരു കറുത്ത ബാഗ് വാങ്ങി. അതുമായി വണ്ടിപ്പേട്ട മാര്‍ക്കറ്റ് വഴി ചന്തക്കടവിലെത്തി ചാക്കിലെ പണം എണ്ണി ബാഗിലേറ്റ് മാറ്റിക്കൊണ്ടിരിക്കവേ ആറന്മുള എസ്.ഐ എ. അലോഷ്യസ്, എ.എസ്.ഐ അജി, സി.പി.ഓ രാജഗോപാല്‍ എന്നിവര്‍ അവിടെയെത്തി. പോലീസിനെ കണ്ട് മാത്തുക്കുട്ടി ബാഗും പണവുമൊക്കെ ഉപേക്ഷിച്ച് ആറ്റില്‍ച്ചാടി.
പിന്നാലെ പോലീസും നാട്ടുകാരും കൂടി. ഇതോടെ ഇക്കരെ നിന്ന് പിടികൂടുകയായിരുന്നു. അവിടെ വച്ച് പണവും ചാക്കിലെ മറ്റു സാധനങ്ങളും തിട്ടപ്പെടുത്തി മോഷ്ടാവിനെ സ്‌റ്റേഷനിലേക്ക് മാറ്റി. മോഷ്ടിച്ച ക്ഷേത്രത്തിന്റെ പേര് അറിയില്ലെന്നും പറഞ്ഞു. വിവാഹിതനാണെങ്കിലും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മോഷണം തൊഴിലായി സ്വീകരിച്ചയാളാണ് മാത്തുക്കുട്ടി.
ആലപ്പുഴ, പത്തനംതിട്ട സബ്ജയിലുകളിലായി നാലു വര്‍ഷം റിമാന്‍ഡില്‍ കഴിഞ്ഞു. 2021 ല്‍ പുറത്തിറങ്ങിയ ശേഷം ചാലക്കുടിക്ക് പോയി. പിന്നെ ഷൊര്‍ണുരിലെ ഹോട്ടലില്‍ ജോലിക്ക് കയറി. ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. പിന്നാലെ കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേര്‍ന്നുള്ള അമ്പലത്തിലെ വഞ്ചിയും മോഷ്ടിച്ചു.
ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ മാരായ എ. അലോഷ്യസ്, സന്തോഷ് കുമാര്‍, എ.എസ്.ഐമാരായ നെപ്പോളിയന്‍, അജി, എസ്.സി.പി.ഓ നാസര്‍, സി.പി.ഓമാരായ രാജഗോപാല്‍, ഫൈസല്‍, ബിനു ഡാനിയേല്‍, ഹോം ഗാര്‍ഡ് അനില്‍ എന്നിവരാണുള്ളത്.