കണ്ണൂർ: ലോറി ഡ്രൈവറെ വെട്ടിക്കൊന്ന പ്രതികളിലൊരാൾ ജയിലിൽവച്ച് സഹതടവുകാരനെ കഴുത്തിൽ മാരകമായി കുത്തി പരിക്കേൽപ്പിച്ചു. റിമാൻ്റിൽ കഴിയുന്ന മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ സലാമിൻ്റെ മകൻ നൗഫലിനാണ്(23) കുത്തേറ്റത്.
/sathyam/media/post_attachments/spZux3kdZsnz8RzVrfNz.png)
കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ കോഴിക്കോട് കക്കട്ട് സ്വദേശി അൽത്താഫാ(38)ണ് മൂർച്ഛയുള്ള ആയുധം കൊണ്ട് നൗഫിലിൻ്റെ കഴുത്തിന് കുത്തിയത്. നൗഫലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് സംഭവം. പത്താം ബ്ലോക്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ് തടവുകാർ ടിവി കാണുമ്പോഴാണ് സംഭവം. നൗഫലിന്റെ കയ്യിലാണ് റിമോർട്ടുണ്ടായിരുന്നത്. ഇതിനിടെ നൗഫൽ ചാനൽ മാറ്റി. ഇത് അൽത്താഫ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
മേശയുടെ സമീപത്തു നിന്ന് മൂർച്ചയുള്ള ഉപകരണം കൊണ്ട് അൽത്താഫ് ഉടൻ നൗഫലിനെ കുത്തുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ നൗഫലിനെ ഉടൻ ജയിലധികൃതർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
അൽത്താഫിന് നേരത്തെ വധശ്രമം, മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി, കോഴിക്കോട് ജില്ലയിൽ മാത്രം എട്ടോളം കേസുകൾ നിലവിലുണ്ട്. ലോറി ഡ്രൈവർ ജിന്റോയെ മോഷണശ്രമത്തിനിടെ ജൂൺ അഞ്ചിനാണ് അൽത്താഫും കൂട്ടാളിയും ചേർന്ന് വെട്ടികൊലപ്പെടുത്തിയത്.
ഇതിൽ കൂട്ടുപ്രതിയായ ഷെബീറും കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. ജിന്റോയെ കൊലപ്പെടുത്തുന്നതിന് നാലു മാസം മുമ്പാണ് പ്രതികൾ ജയിലിൽ നിന്നിറങ്ങിയത്.