കൊച്ചി: പട്ടിമറ്റം ചെങ്ങര കരയില്‍ ആനക്കൊമ്പ് രഹസ്യ കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാലുപേര്‍ അറസ്റ്റിൽ.
പട്ടിമറ്റം സ്വദേശികളായ പൂന്തി പാറയില്‍ വീട്ടില്‍ അനീഷ് പി.എ(39), താമരച്ചാലില്‍ വീട്ടില്‍ അഖില്‍ മോഹന്‍ (34) എന്നിവരും വാങ്ങാനെത്തിയ ഹരിപ്പാട് സ്വദേശി ഇല്ലത്ത് തെക്കേതില്‍ വീട്ടില്‍ ശ്യാംലാല്‍(27), ചിങ്ങോലി, മാവേലിക്കര ഉളുന്തി വലിയ തറയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. ഒരു ആനക്കൊമ്പും ഒരുകാറും ഇരുചക്രവാഹനവും ഇവരിൽനിന്നു പിടിച്ചെടുത്തു.
/sathyam/media/post_attachments/XGl2l4zk9njpG2LuZZHp.jpg)
പട്ടിമറ്റം കോലാംകുടി ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന് സമീപമുള്ള അനീഷിന്റെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്. നേരത്തെ ചന്ദനം കടത്തിയ കേസില്‍ പ്രതിയാണ് അനീഷ്. അഞ്ചുലക്ഷം വിലവരുന്ന ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഒരാഴ്ചയായി അനീഷിന്റെ വീട് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് ഇടനിലക്കാരായ ശ്യാംലാലും അനീഷും കാറിലെത്തിയത്. ഫോറസ്റ്റ് സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
പ്രതികളെ തുടരന്വേഷണത്തിനായി കോടനാട് റെയിഞ്ചിലേക്ക് കൊണ്ടു പോയി. പെരുമ്പാവൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡും മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫുകളും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഡെ.ആര്‍.എഫ്.ഒ സി.പി. ശ്രീജിത്ത്, മേക്കപ്പാല ഫോറസ്റ്റ് ഡെ. ആര്‍.എഫ്.ഒ. മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.